ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പാർട്ടിയിൽ വിമതനീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങളെ നിരാകരിച്ച് ഭരണപക്ഷ നേതാക്കൾ രംഗത്ത് വന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പിലും ടോറികളെ പ്രധാനമന്ത്രി ഋഷി സുനക് തന്നെ നയിക്കുമെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. പാർട്ടിയിലെ ചില വിമതർ പെന്നി മോർഡോണ്ടിനെ മുന്നിൽ നിർത്തി പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമത ശബ്ദം ഉയർത്തുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ഇന്നലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ അടുത്ത തിരഞ്ഞെടുപ്പിലും തങ്ങളെ നയിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി വ്യക്തമാക്കിയത്. മിസ് മോർഡോണ്ടിനെ കുറിച്ചുള്ള ചോദ്യത്തിന് തൻറെ സഹപ്രവർത്തകർ രാജ്യത്തിന് അനുയോജ്യമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാർക്ക് ഹാർപ്പർ ഇങ്ങനെ മറുപടി പറഞ്ഞെങ്കിലും പാർട്ടിയിലെ വിമത ശ്രമങ്ങൾ ഇനിയും ശക്തി പ്രാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.
കടുത്ത ആശങ്കയോടെയാണ് ഭരണപക്ഷം അടുത്ത പൊതു തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്നത്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി നയിക്കുന്ന പ്രതിപക്ഷം വളരെ മുന്നിലാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി 2025 ജനുവരിയാണ്. എന്നാൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്
Leave a Reply