ന്യൂസ് ഡെസ്ക്, മലയാളം യുകെ
റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരം ഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിൻറെ ജൂബിലിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് ബാവയാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത് . തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് പിതാവ് , മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ, ശ്രീ. ആന്റോ ആന്റണി എം. പി, മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ ചെറിയാൻ, മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ . ഈപ്പൻ പുത്തൻപറമ്പിൽ, തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. അനു ജോർജ്, എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, കേരള സ്റ്റേറ്റ് എജ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുൻസിപ്പൽ കൗൺസിലർ ശ്രീ. ഫിലിപ്പ് ജോർജ് തുടങ്ങി രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യവും ചടങ്ങിനെ ധന്യമാക്കി.
മലയാളത്തിൻറെ പ്രിയ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഡോ. ഐഷ വി എഴുതിയ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റ്റിജി തോമസിന്റെ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കഥകൾക്കും രേഖാ ചിത്രങ്ങളും പുസ്തകത്തിൻറെ കവർ പേജും തയ്യാറാക്കിയത് എഴുത്തുകാരിയും ചിത്രകാരിയുമായ അനുജ ടീച്ചറാണ്. ഈ പുസ്തകത്തിലെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് രേഖാചിത്രം തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ മദനൻ ഉൾപ്പെടെയുള്ളവരുടെ വരകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കാർട്ടൂണിസ്റ്റും എഴുത്തുകാരനും ഗ്രാഫിക് ഡിസൈനർ കൂടിയായ ഒ.സി. രാജുവാണ് ഈ പുസ്തകത്തിൻ്റെ ലേ-ഔട്ട് പ്രിൻ്റിംഗ് ജോലികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
മലയാളത്തിലെ മുൻനിര ആനുകാലികങ്ങളിലും ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും ചെറുകഥകളും ലേഖനങ്ങളും അവതരിപ്പിച്ചിട്ടുള്ള റ്റിജി തോമസിന്റെ ഒട്ടേറെ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് അദ്ദേഹം. കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിലും സമ്മാനർഹനായിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ ആറ് പുസ്തകങ്ങളുടെ സഹരചയിതാവായ റ്റിജി തോമസ് നിലവിൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് (മാക്ഫാസ്റ്റ്) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ്.
ഇത് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്. മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ പുസ്തകമായ അനുജ . കെ എഴുതിയ ശർക്കരവരട്ടി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് കേവലം ഒരു മാസത്തിനുള്ളിലാണ് രണ്ടാമത്തെ പുസ്തകം വായനക്കാരിലേക്ക് എത്തുന്നത് .
തിരുവല്ല മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്)സിൽവർ ജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ല സെന്റ് ജോൺസ് മലങ്കര കത്തോലിക്ക മെട്രോപൊളിറ്റൻ കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു.
മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറന്‍ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉന്നത വിദ്യാഭ്യാസമേഖലയിലും സാമൂഹികസേവനരംഗത്തും മാക്ഫാസ്റ്റ് കഴിഞ്ഞ 25 വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാക്ഫാസ്റ്റ് കോളേജിന്റെ 25 വർഷത്തെ വിജയ യാത്രയെ കുറിച്ചും സ്ഥാപനത്തിന്റെ ദർശനം കോളേജിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെ കുറിച്ചും പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ സംസാരിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കാദമിക – അക്കാദമികേതര മികവും, ഗവേഷണരംഗത്തെ നേട്ടങ്ങളും, കർത്തവ്യ ബോധത്തോടുകൂടിയ പ്രവർത്തനങ്ങളുമാണ് മാക്ഫാസ്റ്റ് കോളേജിനെ സ്വയംഭരണ പദവിയിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ 2001ൽ സ്ഥാപിതമായ മാക്ഫാസ്റ്റ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിഷൻ കൗൺസിലിന്റെ A+ ഗ്രേഡ് കോളേജാണ്. UGC (2f), AICTE അംഗീകാരം എന്നിവയ്ക്ക് പുറമേ ഭാരതസർക്കാർ DSIR വകുപ്പിന്റെ പ്രത്യേക അംഗീകാരവും കോളേജിന് ലഭിച്ചിട്ടുണ്ട്. MBA, MCA, MSW, M.Sc വിഭാഗങ്ങളിലായി 6 ബിരുദാനന്തര ബിരുദ കോഴ്സുകളും, BBA, BCA, B.Com, B.Sc തുടങ്ങി 4 ഡിഗ്രി കോഴ്സുകളിലും ആയി കേരളത്തിലെയും തമിഴ്നാട്ടിലെയും ആയിരത്തോളം ഓളം വിദ്യാർത്ഥികൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും മാക്ഫാസ്റ്റിൽ പഠനം നടത്തുന്നുണ്ട്. മാനേജ്മെന്റ് സ്റ്റഡീസ്, ബയോസയൻസ് വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ ബയോടെക്നോളജി, നാനോ ടെക്നോളജി, ക്യാൻസർ പരിശോധന മുതലായ മേഖലകളിൽ ഗവേഷണ നേട്ടങ്ങൾ മാക്ഫാസ്റ്റ് കൈവരിച്ചിട്ടുണ്ട്. നാഷണൽ സൈബർ സെക്യൂരിറ്റി റിസർച്ച് സെന്റർ കോളേജിനെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കുന്നു.
NIRF 2024 റാങ്കിങ്ങിൽ 201-300 വിഭാഗത്തിൽ സ്ഥാനം നേടിയ മാക്ഫാസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യ സോളാർ പവർഡ് ക്യാമ്പസ്, കേരളത്തിലെ ആദ്യ ക്യാമ്പസ് കമ്മ്യൂണിറ്റി റേഡിയോ കേന്ദ്രമായ റേഡിയോ മാക്ഫാസ്റ്റ് 90.4FM, ഹരിത ക്യാമ്പസ് പദവി എന്നിങ്ങനെയുള്ള സവിശേഷ നേട്ടങ്ങളും മാക്ഫാസ്റ്റിനുണ്ട്.
വിദ്യാർത്ഥികൾക്ക് സൗജന്യ സ്റ്റാർട്ടപ്പ് സൗകര്യമൊരുക്കുന്ന സ്റ്റാർട്ടപ്പ് കേന്ദ്ര ഫോർ യൂ (SKY), മാക്ഫാസ്റ്റ് പ്ലേസ്മെന്റ് സെൽ എന്നിവ കോളേജിന്റെ പ്രധാന ആകർഷണങ്ങളാണ്. രജതജൂബിലി ആഘോഷ വേളയിൽ ലഭിച്ച സ്വയംഭരണപദവി മാക്ഫാസ്റ്റിന്റെ യാത്രയിലെ നിർണായക നാഴികക്കല്ലാണ്. 25 വർഷക്കാലം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകിയ മാക്ഫാസ്റ്റ് സ്വയംഭരണ പദവിയിലൂടെ ഭാവി തലമുറയ്ക്ക് പ്രതീക്ഷയും പ്രചോദനവുമാകും.
Leave a Reply