ബ്രെക്‌സിറ്റ് ധാരണ പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ ഒരു നോ ഡീല്‍ ബ്രെക്‌സ്റ്റിലേക്ക് നീങ്ങുമെന്ന് അഭ്യൂഹം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള നീക്കങ്ങള്‍ ക്യാബിനറ്റ് ആരംഭിച്ചു. സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഫെറി സ്‌പേസുകള്‍ എമര്‍ജന്‍സി സപ്ലൈകള്‍ക്കായി ഒഴിച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ജനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബ്രെക്‌സിറ്റിന് ഇനി 101 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനുള്ളില്‍ പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടി അംഗീകരിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗം എന്ന പ്രതീതിയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടുന്നതിനായി 2 ബില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.
ഇത്തരം നാടകീയമായ മുന്നൊരുക്കങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനിടയുണ്ടെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നതോടെ ന്യായീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവേകമുള്ള സര്‍ക്കാര്‍ നടത്തുന്ന മുന്നൊരുക്കങ്ങളാണ് ഇവയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സാധാനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ ഫെറി സ്‌പേസ് ഉറപ്പാക്കുന്നതടക്കം 320 പദ്ധതികളാണ് ക്യാബിനറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്നതിനായി 3500 സൈനികരെ തയ്യാറാക്കി നിര്‍ത്തും. വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുന്ന അടിയന്തര പദ്ധതികള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ടിവി പരസ്യങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കും. വ്യവസായ സ്ഥാപനങ്ങളോടും തയ്യാറെടുക്കാന്‍ ആവശ്യപ്പെടും. കമ്പനികള്‍ക്ക് പ്രതിസന്ധികളുണ്ടാകാതിരിക്കാന്‍ 100 പേജ് വരുന്ന പാര്‍ട്ണര്‍ഷിപ്പ് പാക്ക് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഇമെയില്‍ അയക്കും. ഇത് 8000 കമ്പനികള്‍ക്ക് നേരിട്ട് അയക്കും. എന്നാല്‍ ഈ തയ്യാറെടുപ്പുകള്‍ ഏറെ വൈകിയാണ് തുടങ്ങിയിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അത്യാവശ്യ വസ്തുക്കള്‍ ശേഖരിക്കാനുള്ള ഷിപ്പിംഗ് സ്‌പേസ് ഇപ്പോള്‍ത്തന്നെ നിറഞ്ഞിരിക്കുകയാണെന്നും പദ്ധതികള്‍ക്കായി നേരത്തേ അനുവദിച്ച പണത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.
Leave a Reply