ഡോക്ടര്‍മാരുടെ ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയണമെന്ന് ആവശ്യവുമായി മന്ത്രിമാര്‍. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് ഇമിഗ്രേഷന്‍ ക്വോട്ടയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ പരിശീലനം നല്‍കി നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തില്‍ ഇളവു കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരും ഇതിനെ പിന്തുണച്ചേക്കും.
ഇളവ് അനുവദിക്കപ്പെട്ടാല്‍ വിദഗ്ദ്ധ മേഖലയിലുള്ള ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മറ്റു മേഖലയിലെ കമ്പനികള്‍ക്കും അത് ഉപകാരമാകും. വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ജാവിദിന്റെ മുന്‍ഗാമിയായ ആംബര്‍ റൂഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഹണ്ടും ക്ലാര്‍ക്കും റൂഡിനൊപ്പം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആരോഗ്യമേഖലയിലും വ്യവസായങ്ങളിലും വിദഗ്ദ്ധ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വിദേശത്തു നിന്ന് കൂടുതല്‍ നിയമനം നടത്തുകയാണ് ഇതിന് ഒരു പോംവഴി.
93,000 വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്കു വേണ്ടി പണം മുടക്കി കനത്ത നഷ്ടമേറ്റുവാങ്ങല്‍, വെയിറ്റിംഗ് ലിസ്റ്റുകളുടെ ദൈര്‍ഘ്യം കൂടല്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതു മൂലം സംജാതമാകുമെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ട്രെയിനിംഗ് പ്ലേസുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രവര്‍ത്തനക്ഷമമാകാനായി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നിലവിലുള്ള ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് ഹണ്ട് ആവശ്യപ്പെടുന്നത്.
Leave a Reply