ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പുതിയ സ്റ്റേറ്റ് സ്കൂളുകൾ തുറക്കാനുള്ള പദ്ധതി താത്കാലികമായി നിർത്തി വച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പുതിയ 44 സ്കൂളുകൾ തുറക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ മൂന്ന് സിക്സ്ത് ഫോം കോളേജുകളും ഉൾപ്പെടും. ഈ പുതിയ സ്കൂളുകളുടെ ഭാവി ആണ് അനശ്ചിതത്വത്തിൽ ആയിരിക്കുന്നത് .

പുതിയ സ്കൂളുകൾ തുറക്കുന്നതിന് മുൻപായി ഓരോ സ്കൂളിന്റെയും സാധ്യതകളും സാമ്പത്തിക ബാധ്യതകളും വീണ്ടും അവലോകനം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. 2010 – ൽ മൈക്കൽ ഗോവ് അവതരിപ്പിച്ച ഫ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി സർക്കാർ അംഗീകരിച്ച മുഖ്യധാര സെക്കൻഡറി, പ്രൈമറി സ്കൂളുകളെ ഈ തീരുമാനം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

44 സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതിലൂടെ മിച്ചം വെയ്ക്കുന്ന ഫണ്ട് നിലവിലുള്ള സ്കൂളുകളുടെയും കോളേജുകളുടെയും മോശമായ ദുരവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു . ഓരോ സ്ഥലത്തിൻറെയും ആവശ്യകത പരിഗണിച്ച് പുതിയ സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ജനനനിരക്ക് കുറയുന്നത് മൂലം അടുത്ത ദശകത്തിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളുടെ എണ്ണം 12 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പല പ്രൈമറി സ്കൂളുകളും കുട്ടികളുടെ എണ്ണം കുറയുന്നതിനാൽ സമീപഭാവിയിൽ പൂട്ടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുതിയ സ്റ്റേറ്റ് സ്കൂളുകൾ തുറക്കാനുള്ള പദ്ധതി മരവിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ഈ വസ്തുതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.