ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പ്രായമായവരുടെ സാമൂഹിക പരിചരണ നിയമങ്ങളിൽ മാറ്റം വരുത്തുവാനായി ഒരു സ്വതന്ത്ര കമ്മീഷനെ നിയമിക്കാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടനിലെ മന്ത്രിസഭ. നിലവിലെ സാഹചര്യത്തിലുള്ള പരാജയങ്ങളെയും പഴുതുകളെയും നീക്കി പൂർണ്ണമായ സ്ഥിരതയുള്ള ഒരു സംവിധാനം കെട്ടിപ്പടുത്തുന്നതിനുള്ള ആദ്യപടിയാണ് ഈ നടപടി. ലേബർ പാർട്ടിയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിട്ടുള്ള തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ നടപടിയിലൂടെ അവർ നടന്നടുക്കുകയാണ്. സോഷ്യൽ സർവീസ് പരിഷ്കരിക്കാൻ ഉള്ള പുതിയ നടപടികൾ ആസൂത്രണം ചെയ്യുകയാകും ഈ കമ്മീഷന്റെ ലക്ഷ്യം. എന്നാൽ അന്തിമ റിപ്പോർട്ട് 2028 ഓടുകൂടി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. 2026 ൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ഒരു ഇടക്കാല റിപ്പോർട്ട് ഉണ്ടാകുമെങ്കിലും, ലേബർ പാർട്ടി സാമൂഹിക പരിപാലനത്തെ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന പ്രതിഷേധങ്ങളും ഉയരുന്നു. ക്രോസ്സ് – ബെഞ്ച് അംഗം ലൂയിസ് കേസിയാണ് കമ്മീഷന് നേതൃത്വം നൽകുക. ഈ മേഖലയ്ക്കുള്ള പിന്തുണയുടെ വിപുലമായ പാക്കേജിൻ്റെ ഭാഗമായി, വൃദ്ധർക്കും വികലാംഗർക്കും വീട് മെച്ചപ്പെടുത്തുന്നതിനും ചികിത്സയ്ക്കുമായി ദശലക്ഷക്കണക്കിന് പൗണ്ട് ധനസഹായവും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2050 ആകുമ്പോഴേക്കും ഇംഗ്ലണ്ടിൽ 65 വയസ്സിനു മുകളിലുള്ള നാല് ദശലക്ഷം ആളുകൾ ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതിനാൽ തങ്ങൾ യാതൊരുവിധ നടപടിയും എടുത്തില്ലെങ്കിൽ, 2018-ലെ സംഖ്യകളെ അപേക്ഷിച്ച് 2038-ഓടെ യഥാർത്ഥ സാമൂഹിക പരിപാലന ചെലവ് ഏകദേശം ഇരട്ടിയാകും. കൂടുതൽ ആളുകൾക്കും സേവനം ലഭിക്കാതെ അവശേഷിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ഇപ്പോഴുള്ള ഈ നടപടി അടിയന്തരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ പരിചരണം നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ചും ഇത്തരം പരിഷ്കാരങ്ങൾ ശുപാർശ ചെയ്തും 2026-ൻ്റെ മധ്യത്തോടെ സർക്കാരിന് കമ്മീഷന്റെ ഭാഗത്ത് നിന്നും ആദ്യഘട്ട റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല നടപടികൾ ശുപാർശ ചെയ്യുന്ന അന്തിമ റിപ്പോർട്ട് 2028 നു മുൻപ് ഉണ്ടാവുകയില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്മീഷൻ ആരംഭിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അന്തിമ റിപ്പോർട്ട് മൂന്ന് വർഷമെങ്കിലും നൽകാത്തതിൽ തനിക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്ന് നാഷണൽ കെയർ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കോ-ചെയർ നദ്ര അഹമ്മദ് ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അവഗണനയ്ക്കും ഫണ്ടിംഗ് കുറവിനും ശേഷം ഇംഗ്ലണ്ടിലെ മുതിർന്നവരുടെ സാമൂഹിക പരിപാലന സമ്പ്രദായത്തിന് നവീകരണം ആവശ്യമാണെന്ന മുറവിളികൾ ഉയരുന്നതിനിടെയുള്ള സർക്കാരിന്റെ ഈ നടപടി പ്രതീക്ഷ നൽകുന്നതാണ്.
Leave a Reply