ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇനിമുതൽ കുട്ടികൾക്ക് ഓഡിയോ ബുക്കുകൾ ലഭ്യമാകും. കുട്ടികളുടെ ഇടയിൽ പുസ്തക വായന കുറയുന്നതായുള്ള പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടുതൽ കുട്ടികൾ വായനയ്ക്ക് പകരം പുസ്തകങ്ങളുടെ ഓഡിയോ രൂപം കേൾക്കുന്നതിനാണ് താത്പര്യപ്പെടുന്നത് എന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ നടപടി.
നാഷണൽ ലിറ്ററസി ട്രസ്റ്റ് (NLT) നടത്തിയ ഒരു വോട്ടെടുപ്പിൽ ഓഡിയോയും പോഡ്‌കാസ്റ്റുകളും കേൾക്കുന്നതിലുള്ള കുട്ടികളുടെ ആസ്വാദനം മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. 2020 മുതലാണ് കുട്ടികളുടെ ഇടയിൽ ഇത്തരം ചോദ്യാവലികൾ നൽകി തുടങ്ങിയത്. ഈ വർഷം ആണ് ആദ്യമായി വായനയെക്കാളും ഓഡിയോ ബുക്കുകൾ കേൾക്കുന്നതിനാണ് താത്പര്യമെന്ന് അഭിപ്രായപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ ഭൂരിപക്ഷം ഉണ്ടായത് . യുകെയിലെ എട്ട് മുതൽ 18 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികളിലും യുവാക്കളിലും നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത അഞ്ചിൽ രണ്ട് പേർ (42.3%) അവരുടെ ഒഴിവുസമയങ്ങളിൽ ഓഡിയോ കേൾക്കുന്നത് ആസ്വദിച്ചുവെന്ന് പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം 2023 ൽ ഇത് 39.4 ശതമാനം മാത്രമായിരുന്നു.
ഓഡിയോ ബുക്കുകളുടെ ജനപ്രീതി ഉയരുന്നതിനാൽ വായന കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് വിദ്യാഭ്യാസ രംഗത്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളിൽ മൂന്നിലൊന്ന് പേർ (34.6%) മാത്രമാണ് ഒഴിവുസമയങ്ങളിൽ വായനയ്ക്കായി സമയം നീക്കി വയ്ക്കുന്നത്. ആൺകുട്ടികൾ പ്രത്യേകിച്ച് വായനയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ കുട്ടികൾ വായിക്കുകയോ കേൾക്കുകയോ ചെയ്താലും പുതിയ പുസ്തകങ്ങളുടെ പരിചയപ്പെടൽ അവർക്ക് വിജ്ഞാനത്തിന്റെയും മാനസിക വളർച്ചയ്ക്കും സഹായകരമായിരിക്കും എന്ന് നാഷണൽ ലിറ്ററസി ട്രസ്റ്റ് പറഞ്ഞു. അതുകൊണ്ടുതന്നെ ഓഡിയോ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ലഭ്യമായ വായനാ ഫോർമാറ്റുകളുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി വാദിക്കുന്നതായി ചാരിറ്റി അറിയിച്ചു . എന്നിരുന്നാലും ഓഡിയോ ബുക്കുകൾ വായനയ്ക്ക് പകരമാവില്ലെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ജോൺ മുള്ളൻ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായ ജോനാഥൻ ബേറ്റ് സ്‌കൂളുകളിൽ ഓഡിയോ ബുക്കുകളുടെ ഉപയോഗത്തെ സ്വാഗതം ചെയ്തു.
Leave a Reply