നോ ഡീല്‍ രഹസ്യ താരിഫുകളും ഐറിഷ് ബോര്‍ഡറിലെ പദ്ധതികളും ഇന്ന് രാവിലെ പുറത്തു വിടും. രാവിലെ ഏഴു മണിയോടെ മന്ത്രിമാര്‍ ഇവ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികളായിരിക്കും ഇവ. തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ തിരിയാന്‍ കാരണമായ ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്നും രാവിലെ അറിയാം. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ കോമണ്‍സ് വോട്ട് ഇന്ന് നടക്കാനിരിക്കെയാണ് ഇവ മന്ത്രിമാര്‍ അവതരിപ്പിക്കുക. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാകുന്നതിനു ശേഷം ഏതൊക്കെ വസ്തുക്കളുടെ ഇറക്കുമതിയില്‍ നികുതി വര്‍ദ്ധിക്കുമെന്ന കാര്യവും താരിഫുകളില്‍ അറിയാം.
ആര്‍ട്ടിക്കിള്‍ 50 കാലാവധി ദീര്‍ഘിപ്പിക്കണമെന്ന വിഷയത്തിലും കോമണ്‍സില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. നോ ഡീല്‍ താരിഫുകള്‍ നടപ്പാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ താരിഫുകളും ഐറിഷ് ബോര്‍ഡര്‍ പദ്ധതികളും ഇപ്പോള്‍ പുറത്തു വിടുന്നത് മുന്നോട്ടുള്ള ചര്‍ച്ചകളില് ബ്രിട്ടന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്. തന്റെ ഡീല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നോ ഡില്‍ ബ്രെക്‌സിറ്റ് വോട്ടില്‍ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ ടോറി എംപിമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് തെരേസ മേയ്.
ബ്രെക്‌സിറ്റിന് വെറും 16 ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേയുടെ ഉടമ്പടി പാര്‍ലമെന്റ് 149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തള്ളിയത് നോ ഡീല്‍ ഭീഷണിയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം ബ്രെക്‌സിറ്റിന്റെ നിയന്ത്രണം പ്രധാനമന്ത്രി പാര്‍ലമെന്റിന് കൈമാറി. ഇന്ന് നടക്കുന്ന വോട്ടെടുപ്പിലും സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അത് ബ്രെക്‌സിറ്റ് കൂടുതല്‍ വൈകിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Leave a Reply