കേരളത്തിൽ പ്രായ പൂർത്തിയാവാത്ത അമ്മമാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരം ഉൾപ്പെടെ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ 19 വയസ്സിന് താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിപ്പോർട്ട് 2019 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഇതുപ്രകാരം 2017ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗര പ്രദേശങ്ങളിൽ 16,639 പ്രസവങ്ങളും, ഗ്രാമങ്ങളിൽ 5,913 പ്രസവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം രണ്ടാം പ്രസവത്തിനെത്തിയ 137 പേര്‍ 19 വയസിൽ താഴെയുള്ളവരാണ്. ഇതിന് പുറമെ 48 പേർ മൂന്നാം പ്രസവത്തിനും, 37 പേർ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയതെന്നും കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കി റിപ്പോർട്ട് പറയുന്നു.
നഗര പ്രദേങ്ങളിലും ഈ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 16,639 പേരിൽ 298 പേരാണ് 19 വയസിനിടെ രണ്ടാം പ്രസവത്തിന് എത്തിയിട്ടുള്ളത്. 21 പേർ മുന്നാമത്തെ കുഞ്ഞിന് ജൻമം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ചെയ്തിട്ടുള്ള 22,552 പേരിൽ 11 അമ്മമാർ 15 വയസിൽ താഴെയുള്ളവരാണെന്നുമാണ് വിവരം.
അതേസമയം, മതപരമായ കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗങ്ങളിലാണ് 15-19നും പ്രായത്തിനിടയിലുള്ള അമ്മമാർ കുടുതലുള്ളതെന്നും പറയുന്നു. 17,082 പേരാണ് ഈ പ്രായ പരിധിയിൽ പെടുന്നവരുള്ളത്. ഹിന്ദു വിഭാഗത്തിൽ ഇത് 4734 എണ്ണവും ക്രിസ്ത്യൻ വിഭാഗത്തിൽ 702 ഉം പേർ ഉൾപ്പെടുന്നു.
ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരിൽ 17,202 പേർ പത്താം ക്ലാസിനും ബിരുദത്തിനും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ 86 പേർ നിരക്ഷരരും, 91 പേർ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോൾ 3,420 പേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Leave a Reply