ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വാക്സിനെതിരെ പ്രചാരണം നടത്തുന്നവർ സ്കൂളുകളിലെ കുട്ടികൾ വാക്‌സിനെടുക്കെരുതെന്ന തരത്തിലുള്ള വ്യാജ രേഖകൾ പ്രധാനാദ്ധ്യാപകർക്ക് നൽകി. യുകെയിൽ 12 – 15 വയസ്സിനിടയിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായുള്ള തീരുമാനം എടുക്കുന്നതിന് വളരെ മുൻപ് തന്നെ പ്രായമായവരെ അപേക്ഷിച്ച് കൊറോണ വൈറസിൽ നിന്ന് വളരെ കുറഞ്ഞ അപകടസാധ്യതയുള്ള ആരോഗ്യമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകേണ്ടതുണ്ടോ എന്ന ചർച്ച നടന്നിരുന്നു. എന്നാൽ ഈ ചർച്ച നിലനിൽക്കേയാണ് വാക്‌സിനെതിരെ പ്രചാരകർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
എൻഎച്ച്എസിൽ നിന്ന് എന്ന രീതിയിലുള്ള വ്യാജ വാക്സിൻ-സമ്മത പത്രമാണ് ഇംഗ്ലണ്ടിലെ സ്കൂളുകളിലേയ്ക്ക് പ്രചാരകർ അയച്ചത്. ഇത്തരത്തിലുള്ള വാക്സിൻ വിരുദ്ധ കത്തുകളെക്കുറിച്ച് സ്കൂളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് . വാക്സിൻ സ്വീകരിക്കുന്ന 29,389 ൽ ഒരാളെങ്കിലും വാക്സിൻ സ്വീകരിക്കുന്നത് മൂലം മരണപ്പെടുന്നുണ്ടെന്നുള്ള തെറ്റായ പ്രസ്താവനയും കത്തിൽ ഉണ്ട്. പ്രതിരോധകുത്തിവയ്പുകൾ എടുത്തതിനുശേഷം ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ യെല്ലോ കാർഡ് സ്കീമിൽ നിന്നാണ് ഈ കണക്കുകൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം. സ്കീമിൽ ഏകദേശം 49 ദശലക്ഷം ആളുകൾ ഒരു ഡോസ് പ്രതിരോധകുത്തിവയ്‌പ്പെങ്കിലും സ്വീകരിച്ചതായും 1,600 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിനുശേഷം ഒരാൾ മരിക്കുമ്പോൾ വാക്സിൻ സ്വീകരിച്ചതുമൂലമാണ് അയാൾ മരിച്ചതെന്ന് അർഥമാകുന്നില്ല. ഓരോ ദിവസവും പല കാരണങ്ങളാൽ മനുഷ്യർ മരിക്കുന്നു, പ്രായമായവരും ഗുരുതരമായ രോഗാവസ്ഥയിൽ നിൽക്കുന്നതുമായ നിരവധി പേരാണ് കോവിഡ് വാക്സിൻ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.
എംഎച്ച്ആർഎ യുടെ അന്വേഷണത്തിൽ മരണമുൾപ്പടെയുള്ള കോവിഡ് വാക്സിൻെറ പാർശ്വ ഫലങ്ങളായി കരുതുന്നവ സാധാരണ ജനസംഖ്യയെ അപേക്ഷിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ താരതമ്യേന കുറവാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ഒഎൻഎസ്) ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് 5 മരണങ്ങൾക്കാണ് വാക്സിൻ അടിസ്ഥാന കാരണമായി നിലനിൽക്കുന്നത്. ഇത് മരിച്ചവരുടെ മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ചതിൻെറ വെളിച്ചത്തിൽ ഡോക്ടർമാരാണ് നിർണയിച്ചത്. അതായത് അഞ്ച് ദശലക്ഷത്തിൽ ഒരാൾ മാത്രമായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത് മൂലം മരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Leave a Reply