സ്വന്തം ലേഖകൻ
ലണ്ടൻ : മിസ്സ് ഇംഗ്ലണ്ട് സൗന്ദര്യപട്ടം നേടിയ ജൂനിയർ ഡോക്ടർ ഭാഷാ മുഖർജി (24) കൊറോണകാലത്ത് ജോലിയിലേക്ക് തിരികെയെത്തി. വിജയിച്ചതിനുശേഷം ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് ഭാഷയുടെ തിരിച്ചുവരവ്. മിസ്സ് ഇംഗ്ലണ്ട് വിജയശേഷം മിസ്സ് വേൾഡിൽ മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഭാഷ. അതിനായി 6 മാസത്തോളം അവധിയെടുത്തിരുന്നു. കൊറോണകാലത്ത്, വിരമിച്ചവരും അവധിയിൽ കഴിയുന്നവരുമായ ആരോഗ്യ പ്രവർത്തകർ ജോലിയിലേക്ക് മടങ്ങണമെന്ന എൻ എച്ച് എസ് നിർദേശം സ്വീകരിച്ചാണ് തിരികെയെത്തിയത്. ഡെർബിസിലെ മാക്വർത്തിൽ നിന്നുള്ള ഭാഷ, കഴിഞ്ഞ ഓഗസ്റ്റിൽ മിസ്സ് ഇംഗ്ലണ്ടായി കിരീടമണിഞ്ഞിരുന്നു. മാർച്ചിൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ അവർ ലിങ്കൺഷെയറിലെ ബോസ്റ്റണിലെ പിൽഗ്രിം ഹോസ്പിറ്റലിൽ എത്തുന്നതിനുമുമ്പ് രണ്ടാഴ്ചത്തേക്ക് ഐസോലെഷനിൽ കഴിഞ്ഞു. തിരിച്ചെത്തിയ സമയം താൻ ഒരുപാട് അസ്വസ്ഥത നേരിട്ടെങ്കിലും ഡോക്ടർമാരുടെ ധൈര്യപൂർവമായ പിന്തുണ തനിക്ക് ലഭിച്ചുവെന്നും അവൾ പറഞ്ഞു.
“രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ചികിത്സിക്കുന്നതിനായി ഞങ്ങളുടെ ഏറ്റവും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. അവർ ശാന്തത പാലിച്ചു പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാകുന്നു.” ഭാഷ പറഞ്ഞു. എൻ എച്ച് എസ് മുൻനിര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനായി ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച ദി സണ്ണിന്റെ ഹൂ കെയർ വിൻസിലും ഭാഷ പങ്കുചേർന്നിരുന്നു. “കൊറോണ വൈറസ് ബാധിതരിൽ ആശുപത്രികൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയുണ്ട്. എന്റെ സഹപ്രവർത്തകർ കോവിഡ് രോഗികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എനിക്ക് മറ്റ് വാർഡുകളിൽ സഹായിക്കാനാകും. എൻ എച്ച് എസ് ഒരു വലിയ കുടുംബമാണ്. ” ഭാഷ കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ഭാഷ ഒൻപത് വയസ്സുള്ളപ്പോൾ യുകെയിലേക്ക് മാറി. തുടർന്ന് നോട്ടിംഗ്ഹാം സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്നു. “എന്റെ അവധി ദിവസങ്ങളിൽ, ഞാൻ ഇപ്പോഴും മിസ് ഇംഗ്ലണ്ട് ചുമതലകൾക്കായി സമയം ചെലവഴിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ മിസ് ഉഗാണ്ടയ്‌ക്കൊപ്പം ഒരു ഇൻസ്റ്റാഗ്രാം ലൈവ് നടത്തി. അവിടെ എന്റെ ചില മെഡിക്കൽ പരിജ്ഞാനം പങ്കിട്ടു. പ്രതിസന്ധിയിലുടനീളം ആളുകൾ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ” ഭാഷ അറിയിച്ചു.
Leave a Reply