മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്. ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.
മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം.
പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.
മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തും. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാൻ പറഞ്ഞതാണോ എന്നും സംശയമുണ്ട്.
ഹോട്ടലിലെ ഒന്നാം നില, രണ്ടാം നില, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയത്. ഇവിടെ അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അഴിക്കുന്നതിനുള്ള രീതി ടെക്നീഷ്യൻ വാട്‌സാപ്പ് വഴി അയച്ചുനൽകി. ഇതുപ്രകാരം ഹോട്ടലിലെ ജോലിക്കാർ ഡി.വി.ആറിൽനിന്ന് ഹാർഡ് ഡിസ്ക് അഴിച്ചുമാറ്റി പകരം കാലിയായ ഹാർഡ് ഡിസ്ക് സ്ഥാപിക്കുകയായിരുന്നു. അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് ഹോട്ടലുടമയുടെ നിർദേശപ്രകാരം പിന്നീട് കായലിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി.
ഒക്ടോബർ 13-ാം തീയതി ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ വമ്പൻ ഡി.ജെ. പാർട്ടി നടന്നതായി വിവരം. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിലായിരുന്നു പാർട്ടി. സംഘാടകർ ഇതിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖർക്ക് അയച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് അന്വേഷണം നടത്താനോ നടപടിയെടുക്കാനോ പോലീസ് തുനിഞ്ഞില്ല.
ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടിയിൽ സിനിമ, ഫാഷൻ രംഗത്തെ പ്രമുഖർ എത്തി. ദുബായിൽനിന്ന് പാർട്ടിക്കായി മയക്കുമരുന്ന് എത്തിക്കുന്നതായും രഹസ്യ വിവരമുണ്ട്.
മുമ്പ് നടന്ന പാർട്ടികളെ കുറിച്ച് എക്‌സൈസ് അന്വേഷിക്കുന്നുണ്ടെങ്കിലും പോലീസ് ഇത്തരം വിപുലമായ അന്വേഷണത്തിന് തയ്യാറല്ല. അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള നിർദേശം.
നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കെത്തിയവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ ചോദ്യം ചെയ്താൽ ഒക്ടോബർ 13-ന് പാർട്ടി നടത്തിയവരെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.
Leave a Reply