കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള്‍വ്യൂവില്‍ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്തു.

തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കള്‍ ശ്രമം നടത്തിവരികയായിരുന്നു. ഷെമിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

കാണാതായ ചൊവ്വാഴ്ച പോലീസ് നായയുടെ സഹായത്താല്‍ അന്വേഷണം ആരംഭിച്ചു. ജെറി എന്ന പോലീസ് നായ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ വരുന്ന വാമനപുരം ആറിന്റെ കൈവഴിയായ തോട്ടില്‍ വരെ എത്തിയിരുന്നു. പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്‌നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍.