കോവളത്തിനടുത്ത് തിരുവല്ലം പനത്തൂറ ചേന്തിലക്കരിയിലെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടത് ഒരു മാസം മുമ്പ് കാണാതായ ലിത്വിയ സ്വദേശിനി ലിഗയുടെതാണോയെന്ന് ഉറപ്പിച്ചിട്ടില്ല. സഹോദരി ഇല്‍സി, ലിഗ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും സിഗരറ്റ് പാക്കറ്റും തിരിച്ചറിഞ്ഞു. എന്നാല്‍ ചെരുപ്പും ജാക്കറ്റും ലിഗ പോകുമ്പോള്‍ ധരിച്ചിരുന്നവയല്ല. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനം സാദ്ധ്യമാവൂ. അത്രയ്ക്ക് ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം.
തിരുവല്ലം കോവളം ബൈപ്പാസില്‍ നിന്ന് കഷ്ടിച്ച് അരകിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ കണ്ടല്‍ക്കാട്. തിരുവനന്തപുരം നഗരമദ്ധ്യത്ത് അധോ ലോക കേന്ദ്രമോ എന്ന് അത്ഭുതപ്പെടുത്തുന്ന സ്ഥലം. റോഡില്‍ നിന്ന് കുറ്റിച്ചെടികള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന ഒറ്റയടിപ്പാത. അതു കടന്നുചെന്നാല്‍ പുഴ. പുഴക്കരയില്‍ മരങ്ങള്‍ മതിലുകെട്ടിയ വിശാലമായ സ്ഥലം. ഈ കാട്ടിനകത്തു നിന്നാല്‍ പുറത്തേക്കോ, പുറത്തുനിന്നാല്‍ അകത്തേക്കോ കാണാനാവില്ല. ഇവിടെ ഒരു വള്ളിപ്പടര്‍പ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീര്‍ണ്ണമാണ് ശരീരം. ശിരസ് അറ്റുമാറി അരമീറ്റര്‍ ദൂരെ കിടക്കുന്നു.
ലിഗയെ ചികിത്സിച്ച ആയൂര്‍വ്വേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാവുന്ന തരത്തില്‍ ഒന്നും കാണാനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോള്‍ ധരിച്ചിരുന്നത്. നേരിയ ടീഷര്‍ട്ട് ധരിച്ചാണ് ലിഗ അന്ന് പുറത്തുപോയത്. ഇപ്പോള്‍ ജാക്കറ്റ് പോലെ ഒരുവസ്ത്രം ധരിച്ചിരിക്കുന്നു. ഉറപ്പിച്ചു പറയാവുന്ന ഒന്നും കണ്ടെത്താനായില്ല.
ലിഗയെ കാണാതായിട്ട് ഒരുമാസവും നാലുദിവസവും കഴിഞ്ഞപ്പോഴാണ് ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 2018 മാര്‍ച്ച് 14 ന് രാവിലെഒമ്പതുമണിയോടെയാണ് പോത്തന്‍കോട്ടെ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന് ലിഗയെ കാണാതായത്. സാധാരണ പോലെ നടക്കാനിറങ്ങിയ ലിഗ ജംഗ്ഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി. കോവളത്താണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഇവരെ ഇറക്കിയത്. പിന്നീട് ഒരു വിവരവുമില്ല.
അന്നുതന്നെ ഇല്‍സിയും, ആശുപത്രി സ്റ്റാഫും കോവളം പോലീസ് സ്റ്റേഷനിലും, പോത്തന്‍കോട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. കോവളം പ്രദേശം മുഴുവന്‍ ഇവര്‍ അന്വേഷിച്ചു നടന്നു.ഫലമില്ലാതെ വന്നപ്പോഴാണ് ഇല്‍സിയും, ആശുപത്രി സ്റ്റാഫും ലിഗയെ കണ്ടെത്താന്‍ സഹായം തേടി എന്റെ ഓഫീസില്‍ വന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ കാണാന്‍ അവസരമുണ്ടാക്കി.
വളരെ കാര്യക്ഷമമായി എം.വി. ജയരാജന്‍ ഇടപെട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിനെ ഫോണില്‍ വിളിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷണറെ നേരിട്ടു കാണാനും നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ കമ്മീഷണറെ കണ്ടു. അതീവഗൗരവത്തോടെയാണ് സിറ്റി പോലീസ് കമ്മീഷണറും പ്രശ്‌നത്തെ സമീപിച്ചത്. ഞങ്ങളുടെ മുന്നില്‍ വച്ചുതന്നെ കോവളം എസ്.ഐ.യെ ഫോണില്‍ വിളിച്ചു.
”കോവളത്തു വന്നിറങ്ങിയതിന് തെളിവുണ്ട്. പിന്നീടവര്‍ എങ്ങോട്ടു പോയി? കണ്ടുപിടിച്ചേ പറ്റൂ. നിങ്ങള്‍ എല്ലാ ഓട്ടോറിക്ഷാ ടാക്‌സി ഡ്രൈവര്‍മാരോടും അന്വേഷിക്കുക. എല്ലാ ഹോട്ടലും ഹോം സ്റ്റേയും ഇന്നു തന്നെ പരിശോധിക്കണം.”കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യാമെന്ന് ഇല്‍സിയ്ക്ക് കമ്മീഷണര്‍ ഉറപ്പു നല്‍കി. ലിഗയുടെ ചിത്രങ്ങളുടെ 200 പകര്‍പ്പുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കാനും കമ്മീഷണര്‍ പറഞ്ഞു.
ഇല്‍സിയും ആശുപത്രിയിലെ സ്റ്റാഫുമായി വീണ്ടും കോവളത്തെത്തി. പോലീസ്സ്റ്റേഷനില്‍ എസ്.ഐ. ഇല്ലായിരുന്നു. പോലീസ് സ്റ്റേഷനില്‍ മറ്റാര്‍ക്കും ഈ സംഭവത്തെക്കുറിച്ച് അറിയില്ല. സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എസ്.ഐ. യെ ഫോണില്‍ വിളിച്ചു. കമ്മീഷണര്‍ വിളിച്ചിരുന്നുവെന്ന് എസ്.ഐ. ഉദ്യോഗസ്ഥനോട് പറഞ്ഞു.
കമ്മീഷണര്‍ ഇത്ര കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല എന്നര്‍ത്ഥം. ലിഗയുടെ ചിത്രമുള്ള കുറേ പോസ്റ്ററുകള്‍ സ്റ്റേഷനില്‍ നല്‍കി. ഇല്‍സിയും, ആശുപത്രി സ്റ്റാഫും ചേര്‍ന്ന് കുറേ ചിത്രങ്ങള്‍ കോവളത്തും
പരിസരത്തും ഒട്ടിച്ചു. പിറ്റേന്ന് രാവിലെ 7 മണിക്ക് ഇല്‍സിയും ധര്‍മ്മയിലെ സ്റ്റാഫും എന്റെഓഫീസിലെത്തി. ഏഴരയോടെ ഞങ്ങള്‍ കോവളം പോലീസ് സ്റ്റേഷനിലെത്തി. ആളൊഴിഞ്ഞ തറവാടു പോലെയായിരുന്നു ആ നേരം പോലീസ് സ്റ്റേഷന്‍. പുറത്ത് ആരെയും കണ്ടില്ല. അകത്ത് ഒരു പോലീസുകാരന്‍ മാത്രം.
ലിഗയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്ന് തിരക്കി. ”കേസ് പോത്തന്‍കോട് പോലീസിന് കൈമാറി, ഇവിടെ പ്രത്യേകിച്ച് വിവരമൊന്നുമില്ല” എന്നായിരുന്നു മറുപടി. ഞങ്ങള്‍ ലൈറ്റ് ഹൗസ് ഭാഗം മുതലുള്ള ഹോട്ടലുകളില്‍ കയറിയിറങ്ങി ലിഗയുടെ ഫോട്ടോ കാണിച്ചു. അവര്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ലിഗയെ കാണാതായി അഞ്ചുദിവസമായിട്ടും ഒരു ഹോട്ടലിലും പോലീസ് അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഈ സമയം ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് തിരുവനന്തപുരത്തെത്തി.
ലിഗയെയും ആന്‍ഡ്രൂസിനെയും തിരുവനന്തപുരം പ്രസ് ക്ലബിലെത്തിച്ചു. പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇല്‍സി തന്റെ സഹോദരിയെ കണ്ടെത്താന്‍സഹായിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അപേക്ഷിച്ചു. എല്ലാ മാധ്യമങ്ങളിലെയും മാധ്യമ പ്രവര്‍ത്തകര്‍ വളരെ അനുകമ്പയോടെ ഇല്‍സിയെയും ആന്‍ഡ്രൂസിനെയും ആശ്വസിപ്പിക്കുകയും പരാമവധി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു.അവര്‍ക്കെല്ലാം പാവം വിദേശികളുടെ നിസ്സഹായാവസ്ഥയില്‍ വേദനയുണ്ടായി. ഇടയ്ക്കിടെഇവരെല്ലാം ലിഗയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.കോവളം പോലീസിന്റെ സമീപനം ഇല്‍സി അന്നു തന്നെ കമ്മീഷണറെ നേരിട്ടു കണ്ട് പറഞ്ഞു.കാര്യങ്ങള്‍ ശ്രദ്ധയോടെ ചോദിച്ചറിഞ്ഞ കമ്മീഷണര്‍ മറ്റൊരു മാര്‍ഗ്ഗം തേടി.സിറ്റിയിലെ ഷാഡോ പോലീസ് എസ്.ഐ. യെ ഫോണില്‍ വിളിച്ചു. അടിയന്തിരമായിതെരച്ചിലിന് നിര്‍ദ്ദേശം നല്‍കി. ഷാഡോ പോലീസ് എസ്. ഐ. സുനിലിന്റെ ഫോണ്‍ നമ്പര്‍ കമ്മീഷണര്‍ ലിഗയ്ക്ക് നല്‍കി.
ഷാഡോ പോലീസ് എസ്.ഐ. സുനിലിനെ വിളിച്ചു. തങ്ങള്‍ കോവളത്ത് തെരച്ചിലിലാണെന്നും, അടുത്തദിവസം മുഴുവന്‍ ഷാഡോ പോലീസും ചേര്‍ന്ന് കോവളത്ത് വന്‍തെരച്ചില്‍ നടത്തുന്നുണ്ടെന്നും സുനില്‍ അറിയിച്ചു. അടുത്തദിവസം ഞായറാഴ്ചയായിരുന്നു. രാവിലെ എസ്.ഐ. സുനിലിനെ വിളിച്ചപ്പോള്‍ ഇന്നു ഞായറാഴ്ചയല്ലേയെന്നും, തനിക്ക് വീട്ടില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു എസ്.ഐ.യുടെ മറുപടി. എസ്.ഐ. പറഞ്ഞ വന്‍ തെരച്ചില്‍ ഉണ്ടായില്ല. ആ പ്രതീക്ഷയും മങ്ങി. അടുത്തദിവസം ഇല്‍സി നിയമസഭയിലെത്തി. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനെ കണ്ടു. മന്ത്രി വളരെ കാര്യമായി ഇടപെട്ടു. ഡി.ജി.പി.യോട് സമഗ്രമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.
അടുത്ത ദിവസം സുരേഷ് ഗോപി എം.പി.യെയും ഇല്‍സി കണ്ടു. സുരേഷ് ഗോപി എം.പി.യും ഡി.ജി.പിയെ ഫോണില്‍ വിളിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇല്‍സിയും ജ്വാല എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരും ഡി.ജി.പി.യെ കണ്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, ലിഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡി.ജി.പി.യും അതീവ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ സമീപിച്ചത്. എന്നാല്‍ അന്വേഷണങ്ങള്‍ക്ക് ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും, ഡി.ജി.പി.യും സിറ്റിപോലീസ് കമ്മീഷണറും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ ഇടപെടല്‍ നടത്തി. എന്നാല്‍ ഈ ഇടപെടലുകള്‍ ഫലവത്തായില്ല. പോലീസിന്റെ ഘടനയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ താഴെത്തട്ടിലെ പോലീസ് വകവയ്ക്കാത്തത്. കോവളം പോലീസും ഷാഡോ പോലീസും പരാജയമായി. ഇതിന് വ്യക്തമായ കാരണമുണ്ട്. ലിഗയുടെ തിരോധാനത്തില്‍ മൂന്ന് സാദ്ധ്യതകളാണ് ഉണ്ടായിരുന്നത്. ഡിപ്രഷന്‍ അനുഭവിക്കുന്ന ലിഗ കടലില്‍ ആത്മഹത്യ ചെയ്തിരിക്കാം, അല്ലെങ്കില്‍ ആരെങ്കിലും സൗഹൃദം നടിച്ച് ഇവരെ കൂട്ടിക്കൊണ്ടു പോയിരിക്കാം. അതുമല്ലെങ്കില്‍ കോവളത്തെ അധോ ലോക സംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ടിരിക്കാം. ഒന്നാമത്തെ സാദ്ധ്യതയ്ക്കാണ് പോലീസ് ഊന്നല്‍ നല്‍കിയത്. നേവിയുടെ സഹായത്തോടെ പോലീസ് കടലില്‍ വ്യാപകമായി തെരച്ചില്‍ നടത്തി. ഇല്‍സിയുടെ ഹേബിയസ് കോസ്‌പറസ് ഹർജി ഹൈക്കോടതിയിലെത്തിയപ്പോള്‍ പോലീസ് ഈ നിലപാടാണ് സ്വീകരിച്ചത്. കോവളത്തെ അധോ ലോക സംഘത്തിന്റെ പിടിയില്‍പ്പെട്ടിരിക്കാമെന്ന സൂചനയാണ് ഒടുവിലത്തെ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. ഇവിടെ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി.
മുന്‍ കാലങ്ങളില്‍ പോലീസിന് പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ഇന്‍ഫോര്‍മാര്‍ ഉണ്ടായിരുന്നു. ഒരു ക്രിമിനല്‍ സംഘം എന്തെങ്കിലും കുറ്റകൃത്യം നടത്തിയാല്‍ ഇന്‍ഫോര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോ ലോക സംഘത്തിലേക്കെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
തിരുവല്ലത്തെ മൃതദേഹം കാണപ്പെട്ട പ്രദേശം ഒരു അധോലോക കേന്ദ്രമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും, സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും, വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും, പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പോലീസിന്റെയും പിന്തുണയോടെ നഗരമദ്ധ്യത്തിലെ ഈ അധോലോക കേന്ദ്രം പ്രവര്‍ത്തനം തുടര്‍ന്നു. പോലീസിനറിയാം ഇങ്ങനെയൊരു കേന്ദ്രം തങ്ങളുടെ മൂക്കിനു താഴെയുണ്ടെന്ന്. കടലില്‍ അരിച്ചു പെറുക്കിയ പോലീസ്, പോലീസ് നായയുടെ സഹായത്താടെ ഈ കേന്ദ്രങ്ങള്‍ പരിശോധിച്ചിരുന്നെങ്കില്‍ ഒരുമാസമായി മൃതദേഹം ഇവിടെ കിടക്കുന്നത്കണ്ടെത്താമായിരുന്നു. തെളിവുകള്‍ നശിക്കില്ലായിരുന്നു.
പീഡന പരമ്പരകള്‍കൊണ്ട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചുനില്‍ക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് ലിഗയുടെ മരണം ലോകരാജ്യങ്ങളുടെ മുഴുവന്‍ശ്രദ്ധയും കോവളത്തിലേക്ക് തിരിയുന്നത്. കോവളം ടൂറിസത്തിന്റെ പതനത്തിനു തന്നെ കാരണമാകും എന്നാണ് വിദേശ ടൂറിസ്റ്റ് വിധക്തരുടെ വിലയിരുകത്തല്‍. കഠ്വ ഉന്നോവ കേസോടുകൂടിതന്നെ ഇന്ത്യയിയെ സ്ത്രീ സുരക്ഷ യുഎന്നിലും ചര്‍ച്ചയായതാണ്. കഠ്വ സംഭവത്തില്‍ പെണ്‍കട്ടിക്കായി വിദേശ യുവാക്കള്‍ ടീഷര്‍ട്ടില്‍ ഹാഷ്ടാഗ് പ്രിന്റ്‌ചെയ്ത് നിരത്തിലിറങ്ങിയതുല്ലാം ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്ലായ്മയെ തുറന്നുകാട്ടുന്നതായിരുന്നു.കോവളത്ത് ജര്‍മന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവവും കോവളത്തെപ്പോലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിന് ഏറെ വിമര്‍ഷനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ടൂറിസ്റ്റ് മേഘയയെ പ്രതികൂലമായി ബാധിച്ചിരുന്നു.
അതേസമയം ഈ പ്രശ്‌നങ്ങളെല്ലാം ഒഴിച്ചുനിര്‍ത്തി നോക്കിയാല്‍ വ്യക്തമാക്കുന്നത് ഓരോ വര്‍ഷം കഴിയും തോറും കോവളത്ത് എത്തുന്ന സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ്. ടൂറിസം മേഘലയെ ആശ്രയിച്ചു കഴിയുന്ന കച്ചവചടക്കാരില്‍ പലരും മറ്റുപല ബിസ്‌നസുകളിലുമാണ്. വിദേശികശളെ സ്വീകരിക്കായി ഒരുങ്ങുന്നതിനേക്കാള്‍ കോവളം ഇപ്പോള്‍ തദ്ദേശീയരായ ടൂറിസ്റ്റുകളെ വരവേല്‍ക്കുന്നതിനായാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. എന്നാല്‍ ലിഗയുടെ മരണം കോവളത്തെ ടൂറിസത്തെ പ്രതികൂലമായിതന്നെ ബാധിക്കുമെന്ന വിലയിരുത്തലലിലാണ് വിദഗ്തര്‍.
Leave a Reply