അമ്മയെയും മൂന്നു കുട്ടികളെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ നാലുപേരെയും രണ്ടുമാസമായി കാണാനില്ലായിരുന്നു. താനെ ജില്ലയിലെ ഭിവാണ്ടിയിൽ നിന്നാണ് മഹാരാഷ്ട്രയെ ഞെട്ടിച്ച സംഭവം. 30 കാരിയായ രഞ്ജന ബംഗാരി, മക്കളായ ദർശന (12), രോഹിത് (9), രോഹിണി (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ശ്രീപാദിനും രണ്ടാംഭാര്യ സവിതയ്ക്കുമെതിരെ പീഡനത്തിനും അത്മഹത്യാ പ്രേരണാകുറ്റത്തിനും കേസെടുത്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശ്രീപാദും സവിതയും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇരുവരും മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിലാണ്.
രഞ്നയെ അറിയിക്കാതെ ശ്രീപാദ് സവിതയെ വിവാഹം കഴിക്കുകയും വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷമായി ശ്രീപാദും സവിതയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് രഞ്ജനയുടെ അടുത്ത ബന്ധു പറയുന്നു. ഈ ബന്ധത്തെ പറ്റി രഞ്ജന അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ഒക്ടോബർ 20ന് ശ്രീപാദുമായി വഴക്കിട്ട് മൂന്നു കുട്ടികളുമായി രഞ്ജന വീട്ടിൽ നിന്ന് പോവുകയായിരുന്നുവെന്ന് താനെ റൂറൽ എസ്.പി വിക്രം ദേഷ്മാനെ അറിയിച്ചു.
രഞ്ജനയെയും കുട്ടികളെയും കാണാതായതോടെ ശ്രീപാദും മറ്റു ഗ്രാമവാസികളും തെരച്ചിൽ നടത്തി. 24 മണിക്കൂർ തിരച്ചിൽ നടത്തിയശേഷവും ഇവരെ കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ ശ്രീപാദ് പൊലീസിൽ പരാതി നൽകിയിരുന്നു.
Leave a Reply