ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ഗ്ലാസ്ഗോ, എഡിന്‍ബൊറോ, ഹാമില്‍ട്ടണ്‍: തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹങ്ങളെ സാക്ഷി നിറുത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്‌കോട്‌ലന്‍ഡില്‍ മൂന്നു സീറോ മലബാര്‍ മിഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍ ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ ‘സെന്റ് അല്‍ഫോന്‍സാ & സെന്റ് ആന്റണി’ മിഷനും വൈകിട്ട് 7.00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ‘സെന്റ് മേരീസ്’ മിഷനുമാണ് സീറോ മലബാര്‍ സഭാതലവന്‍ ഔദ്യോഗികമായി അറിയിച്ചത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലത്തീന്‍ രൂപത മെത്രാന്മാര്‍, വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി.

വെള്ളിയാഴ്ച അബര്‍ഡീനില്‍ ‘സെന്റ് മേരീസ്’ മിഷന്‍ പ്രഖ്യാപിച്ചാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ പുതിയ പടവായ ‘മിഷനു’കള്‍ക്കു തുടക്കമായത്. ദേവാലയ കവാടത്തില്‍ നല്‍കപ്പെട്ട സ്വീകരണങ്ങള്‍ക്കുശേഷം സ്വാഗതവും മിഷന്‍ പ്രഖ്യാപനത്തിന്റെ ഡിക്രിയും വായനയും നടന്നു. തുടര്‍ന്ന് മിഷന്‍ ഔദ്യോഗികമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രഖ്യാപിക്കുകയും തിരി തെളിച്ചു ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയ്ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മാര്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്‍കി. നിരവധി വൈദികര്‍ സഹകാര്‍മികരായി. സ്‌നേഹവിരുന്നില്‍ പങ്കെടുത്തു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മിഷന്‍ പ്രഖ്യാപനങ്ങള്‍ നടക്കും. വിഥിന്‍ഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തില്‍ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോസഫ് ചര്‍ച്ചില്‍ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷന്‍ പ്രഖ്യാപനങ്ങളും വി. കുര്‍ബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റെവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, മിഷന്‍ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാഞ്ചസ്റ്ററില്‍ സെന്റ് തോമസ് മിഷനും സെന്റ് മേരീസ് ക്‌നാനായ മിഷനുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ മിഷന്‍ പ്രഖ്യാപനത്തോടൊപ്പം SMYM മാഞ്ചസ്റ്റര്‍ റീജിയന്‍ ഉദ്ഘാടനവും നടക്കും. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.