ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
ഇപ്സ്വിച്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടു മിഷന്‍ സെന്ററുകള്‍ കൂടി ഇന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇപ്സ്വിച്ച് സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇപ്സ്വിച്ച് കേന്ദ്രമാക്കി ‘സെന്റ് അല്‍ഫോന്‍സാ’ മിഷനും നോര്‍വിച് കേന്ദ്രമാക്കി ‘സെന്റ് തോമസ്’ മിഷനും പ്രഖ്യാപിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. റവ. ഫാ. തോമസ് പാറക്കണ്ടത്തിലാണ് രണ്ടു മിഷനുകളുടെയും ഡയറക്ടര്‍. കേംബ്രിഡ്ജ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ മിഷന്‍ സ്ഥാപന ഡിക്രികള്‍ വായിച്ചു. സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തിലും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികനായിരുന്നു.
തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, മിഷന്‍ സെന്ററുകളുടെ മുന്‍വര്‍ഷങ്ങളിലെ ചരിത്രം വിവരിച്ചു. വൈകിട്ട് 6.30ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ ഡിക്രി വായനയ്ക്കു ശേഷം മിഷനുകളുടെ ഔദ്യോഗിക ഡയറക്ടര്‍ ചുമതലയുടെ നിയമനപത്രം റവ. ഫാ. തോമസ് പാറക്കണ്ടത്തിനു കര്‍ദ്ദിനാള്‍ കൈമാറി. മിഷന്‍ ഉദ്ഘാടനത്തിന് ശേഷം നടന്ന വി. കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ടോണി റോജേഴ്‌സും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ഇടവകഅംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു മിഷന്‍ സ്ഥാപന സന്തോഷം വിശ്വാസികള്‍ പങ്കുവച്ചു.
ഇന്ന് കേംബ്രിഡ്ജില്‍ രണ്ടു മിഷന്‍ സെന്ററുകളുടെ ഉദ്ഘാടനം നടക്കും. വൈകിട്ട് 7. 15 നു St. Philip Howard Catholic Church (33, Walpole Road, Cambridge, CH1 3TH) ല്‍ നടക്കുന്ന മിഷന്‍ ഉദ്ഘാടനത്തിനും വി. കുര്‍ബാനക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, റവ. ഫാ . ഫിലിപ്പ് പന്തമാക്കല്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔവര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം’ മിഷനും പീറ്റര്‍ബറോ കേന്ദ്രമാക്കി ‘ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്’ മിഷനാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്കു സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
Leave a Reply