ബിനു ജോർജ്
മെയ്‌ഡ്‌സ്റ്റോൺ : കെന്റിലെ മലയാളികൂട്ടായ്മയായ മെയ്‌ഡ് സ്റ്റോൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. കഴിഞ്ഞ ശനിയാഴ്ച മെയ്‌ഡ് സ്റ്റോൺ സെന്റ് നിക്കോളാസ് ഹാളിൽ അരങ്ങേറിയ ആഘോഷരാവ് സാഹോദര്യത്തിന്റെയും സംസ്കൃതിയുടെയും ഒത്തൊരുമയുടെയും സമ്മേളനമായിരുന്നു. വൈകിട്ട് 4 മണിക്ക് കുട്ടികളുടെ നേറ്റിവിറ്റിയോടുകൂടി ആരംഭം കുറിച്ച ആഘോഷപരിപാടികൾക്ക് മുഖ്യാതിഥിയായി എത്തിയത് കൗൺസിലറും മുൻ ലൗട്ടൻ മേയറും ആയ ശ്രീ. ഫിലിപ്പ് എബ്രഹാം ആയിരുന്നു. പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ സെക്രട്ടറി സിസാൻ ചാക്കോ സ്വാഗതം ആശംസിച്ചു.പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കമ്മറ്റിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യോഗാവസാനം ട്രഷറർ വർഗീസ് സ്കറിയ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് കണ്ണിനും കാതിനും കുളിര്മയായി എംഎംഇഎയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വർണ്ണാഭമായ കലാസന്ധ്യക്ക് തുടക്കമായി. നാല്പതിലധികം വരുന്ന വിവിധങ്ങളായ പരിപാടികൾ കലാസ്വാദകർക്കുമുന്പിൽ ഇടതടവില്ലാതെ അവതരിപ്പിക്കപ്പെട്ടു, പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ ബിജു ജോസഫ്, ദിൽറാണി, ജൂബി ബൈജു, ഷീമോൾ എബി എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്.
കലാപരിപാടികൾക്ക് ശേഷം നടന്ന ജനറൽ ബോഡിയിൽ വച്ച് 2020 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലാലിച്ചൻ ജോസഫ്, സെക്രട്ടറിയായി ബൈജു തങ്കച്ചൻ, ട്രഷററായി ജോസ് കുര്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി പ്രവീൺ ആർ എസ്, അലക്സ് വൈദ്യൻ,ജോഷി ആനിത്തോട്ടത്തിൽ, ഗീത ഷാജി, അന്ന രഞ്ജു, ജിൻസി ബിനു എന്നിവരെയും ഓഡിറ്ററായി ജോൺസൻ വറുഗീസിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കമ്മറ്റിയുടെ നിസ്തുലങ്ങളായ പ്രവർത്തനങ്ങളെ അഭനന്ദിച്ച നിയുക്ത പ്രസിഡന്റ് കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് യുവതലമുറയുടെ അഭിരുചികൾ കണക്കിലെടുത്തു അവരുടെ പങ്കാളിത്തത്തോടെ പുതിയ പ്രവർത്തനപരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് അറിയിച്ചു.
ജനറൽ ബോഡിക്കുശേഷം വ്യത്യസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി. കഴിഞ്ഞ ഒരു വർഷക്കാലം ശ്ലാഖനീയമായ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയ കഴിഞ്ഞ കമ്മറ്റിക്ക് ഏവരും അഭിനന്ദനം അറിയിച്ചു.
Leave a Reply