ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെങ്ങും ഒമിക്രോൺ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഏത് വാക്സിൻ ആണ് മികച്ചത് എന്ന ചോദ്യം സ്വാഭാവികമാണ്. യുകെയിൽ പ്രധാനമായും പ്രതിരോധകുത്തിവയ്പ്പുകൾക്കായി ഉപയോഗിച്ചത് ഓക്സ്ഫോർഡ് ആസ്ട്ര സെനക്കയും ഫൈസറും മഡോണയും ആയിരുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ ഒമി ക്രോണിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ യുകെയിൽ എത്രയും പെട്ടെന്ന് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ ആഹ്വാനം ചെയ്തിരുന്നു.

ഏതു ബൂസ്റ്റർ ഡോസ് ആണ് ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി ഒമിക്രോണിനെതിരെ നൽകുന്നതെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഒമിക്രോണിനെതിരെ ഫൈസർ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി തങ്ങളുടെ വാക്സിനാണെന്ന് മഡോണ അവകാശപ്പെട്ടു. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 50 മൈക്രോഗ്രാം തേർഡ് ഡോസ് മഡോണ വാക്സിന് ആദ്യ രണ്ട് ഡോസ് വാക്സിനെ അപേക്ഷിച്ച് 37 മടങ്ങ് ആന്റിബോഡികളെ ശരീരത്ത് ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് അവകാശപ്പെടുന്നത്. 100 മൈക്രോഗ്രാം പൂർണ്ണ ഡോസ് ആൻറി ബോഡികളെ 83 മടങ്ങ് വർദ്ധിപ്പിക്കും.

ഇതേസമയം ഫൈസറിന്റെ ബൂസ്റ്റർ ഡോസ് ഉപയോഗിക്കുന്നവരിൽ ആൻറിബോഡി വർദ്ധനവ് 25 മടങ്ങാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേറ്റീവ് മഡോണയുടെ പകുതി ഡോസ് (50 മൈക്രോഗ്രാം) ബൂസ്റ്റർ ഡോസ് നൽകണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.