ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ രംഗത്ത്. കോണ്‍ഗ്രസ് മുസ്ലീം പുരുഷന്‍മാരുടെ പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ആക്രമണം. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി ഞാന്‍ ഒരു പത്രത്തില്‍ വായിച്ചു. എനിക്ക് ഇതില്‍ അത്ഭുതമില്ല. എനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം കോണ്‍ഗ്രസ് മുസ്ലീം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയാണോ അതോ മുസ്ലീം സ്ത്രീകളുടേത് കൂടിയാണോ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുത്തലാഖില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട് തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ മറുവശത്ത് സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മുത്തലാഖിനെതിരായ ബില്‍ മണ്‍സൂണ്‍ സെഷനില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന പ്രസ്താവനയിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളിലുടെ മുസ്ലീം സ്ത്രീകളുടെ പിന്തുണ നേടാനാകുമെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും വിലയിരുത്തുന്നു. സര്‍ക്കാര്‍ പരിപാടി ആയിരുന്നിട്ടു കൂടി പ്രധാനമന്ത്രി രാഷ്ട്രീയ പ്രസ്താവന നടത്തിയത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന ആരോപണം പ്രധാനമന്ത്രിയുടെ പതിവ് നുണയാണെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി. മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാട് പാര്‍ട്ടി ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു.
Leave a Reply