പ്രധാനമന്ത്രിയായതിന് ശേഷം 5 വര്‍ഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. സര്‍ക്കാരിന്റെ നേട്ടങ്ങളും സംഘടനാ വളര്‍ച്ചയും തെരഞ്ഞെടുപ്പ് പ്രചരണവും വിശദീകരിച്ചായിരുന്നു വാര്‍ത്ത സമ്മേളനം. എന്നാല്‍ മോദിയോടുള്ള ചോദ്യങ്ങള്‍ക്ക് അമിത് ഷായാണ് മറുപടി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഒപ്പം എത്തിയുള്ള പ്രധാനമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു. രണ്ടാം തവണയും ജനങ്ങളുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകര്‍ പഠിക്കേണ്ടതാണെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരില്‍ ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാന്‍ നടക്കുന്നു, ഐപിഎല്‍ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് മോദി പറഞ്ഞു.
പുതിയ ഭരണരീതിയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആ വികസനം ജനങ്ങള്‍ക്ക് മനസ്സിലാകും, അതിനനുസരിച്ച് വോട്ട് ചെയ്യും അഞ്ച് വര്‍ഷത്തിനിടെ എന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയെന്നും മോദി അവകാശപ്പെട്ടു.
ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു. തെരഞ്ഞെടുപ്പ് രംഗത്താകട്ടെ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. ആറ് സര്‍ക്കാരുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ എത്തി. സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചത് നേട്ടമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ബംഗാള്‍ ,ഒറീസ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് പറഞ്ഞ അമിത് ഷാ എന്നാല്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു.
റഫാല്‍ ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി തത്സമയം തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് ഷാ നല്‍കിയ മറുപടി ”റഫാല്‍ അഴിമതിയാരോപണത്തിന് രാജ്യത്തിന്റെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ പാര്‍ലമെന്റില്‍ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കില്‍ രാഹുല്‍ അത് സുപ്രീംകോടതിയില്‍ പറയണമായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സര്‍ക്കാരാണ് ഇത്” എ്ന്നായിരുന്നു.
ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വളരെ മികച്ച വാര്‍ത്താസമ്മേളനമാണ് നടത്തിയതെന്നും മോദിജിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അടുത്ത തവണയെങ്കിലും ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമിത് ഷാ താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.
5 വര്‍ഷത്തിനിടെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മോദി ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മറിച്ച് താന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ബിജെപി അധ്യക്ഷന്‍ മറുപടി നല്‍കുമെന്നുമായിരുന്നു വിശദീകരണം. ഇതിനെയാണ് രാഹുല്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളിയത്.
എംഎല്‍എ വി ടി ബല്‍റാമും മോദിയെ ഫെയ്‌സ് ബുക്കിലൂടെ ട്രോളി രംഗത്തെത്തി. ”താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നത്” എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
Leave a Reply