മഹാരാഷ്ട്ര∙ നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർത്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വരുന്ന കുറച്ചു മാസങ്ങള്‍ക്കകം രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂർണമായും തകരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യഥാർഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആർട്ടിക്കിൾ 370നെ കുറിച്ചും ചന്ദ്രയാനെ ക്കുറിച്ചുമെല്ലാം സംസാരിച്ചു ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദിസർക്കാർ നശിപ്പിച്ചു. അടുത്ത 6–7 മാസത്തിനകം കാര്യങ്ങൾ കൂടുതൽ വഷളാകും. വർഷങ്ങളെടുത്താണു മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉയരങ്ങളിലെത്തിച്ചത്. അതാണ് ഏതാനും മാസങ്ങൾക്കകം മോദി സർക്കാർ തകർത്തത്– രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂരില്‍ തിര​ഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക ബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.9 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി കുറച്ച ദിവസമാണ് മോദി സർക്കാരിനെതിരെ രാഹുലിന്റെ രൂക്ഷ വിമർശനം. വർഷങ്ങളെടുത്ത് ഇസ്രോ തയാറാക്കിയതാണ് ചന്ദ്രയാൻ. എന്നാൽ ഇപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ചിലർ ശ്രമിക്കുകയാണ്. യുവാക്കൾ ജോലി ആവശ്യപ്പെടുമ്പോൾ അവരോടു ചന്ദ്രനെ നോക്കാനാണ് മോദി പറയുന്നതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ വർഷം ദോക്‌ലാ പ്രവിശ്യയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെ പറ്റി ചൈന പ്രസിഡന്റ് ഷീ ചിൻ പിങ്ങിനോട് എന്തുകൊണ്ടാണ് മോദി സംസാരിക്കാതിരുന്നതെന്നും രാഹുൽ ചോദിച്ചു.