ജോജി തോമസ്
ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രിയായി 2014-ല്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളാണ്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ അഴിമതികള്‍ വോട്ടാക്കി അധികാരത്തിലെത്തിയ മോഡി ഗവണ്‍മെന്റ് ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലാണ്. ഇന്ത്യാ ചരിത്രം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള സ്വജനപക്ഷപാതത്തിന്റെ കഥകളാണ് ഒരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണം ഏതാനും വ്യവസായിക കുത്തകള്‍ക്കും കോടീശ്വരന്മാര്‍ക്കുമായി ചുരുങ്ങിയതായി ഇന്ത്യന്‍ ജനത ചിന്തിക്കാന്‍ പ്രേരകമാകുന്ന തരത്തിലുള്ളതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പലതീരുമാനങ്ങളും. നാളെയുടെ അധികാരത്തിന്റെ നാള്‍വഴികള്‍ നിശ്ചയിക്കുന്നതിൽ പണാധിപത്യത്തിനുള്ള സ്വാധീനമെന്തെന്ന തിരിച്ചറിവാണ് അധികാര രാഷ്ട്രീയത്തില്‍ പണമെറിയാന്‍ കഴിവുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായമെത്തിക്കാനുള്ള മോഡിയുടെ വെമ്പലിന് പിന്നിലുള്ള ചേതോവികാരം. നോട്ടു നിരോധനമുള്‍പ്പെടെയുള്ള മോഡിയുടെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരുന്ന രാഷ്ട്രീയ അജണ്ടകളുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട പല കോടീശ്വരമാരുമായിട്ട് മോദി ഗവൺമെന്റിലെ ഉന്നതർക്കുള്ള ബന്ധം അടുത്തിടെ സി.ബി.ഐയുമായി ബന്ധപ്പെട്ട് നടന്ന പൊട്ടിത്തെറികളില്‍ കൂടി വ്യക്തമായതാണ്.
മോഡി ഗവണ്‍മെന്റ് സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഏറ്റവുമധികം പഴികേട്ടത് അംബാനി സഹോദരന്മാരിലെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ടാണ്. അംബാനിമാര്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണോ മോഡി സര്‍ക്കാര്‍ എന്ന് സംശയമുളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഒരു ഗുജറാത്തിക്ക് മറ്റൊരു ഗുജറാത്തിയോടുള്ള സ്‌നേഹത്തിലുപരിയായി രാജ്യ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ളതാണ് മോഡിയുടെ പല നടപടികളും. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പൊതുമേഖല സ്ഥാപനങ്ങളെ അവഗണിച്ച് അടുത്ത കാലത്ത് ആരംഭിച്ച അനില്‍ അംബാനിയുടെ സ്ഥാപനത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ ബിസിനസ് ആണ് സമ്മാനിച്ചത്.
നരേന്ദ്ര മോഡി ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ്സിന്റെ എതിര്‍പ്പുകളെപ്പോലും അവഗണിച്ച് ഇ.എസ്.ഐ ഫണ്ട കൈകാര്യം ചെയ്യാനുള്ള ചുമതല അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സഞ്ചിത നിധിയിലെ പകുതിയോളം തുകയായ 35,000 കോടി രൂപയുടെ ഫണ്ട് മാനേജരായിട്ടാണ് അനില്‍ അംബാനിയുടെ കമ്പനിയെ നിയോഗിച്ചിരിക്കുന്നത്. ഫണ്ട് മാനേജറായി പൊതുമേഖല സ്ഥാപനങ്ങളെ നിയോഗിക്കണമെന്ന പെന്‍ഷന്‍ ഫണ്ട് അതോറിറ്റിയുടെ നിര്‍ദേശം മറികടന്നാണ് റിലയന്‍സിനോടുള്ള മോഡിയുടെ അതിര് കടന്ന പ്രേമം. ബി.എം.എസ് ഉള്‍പ്പെടെ എല്ലാ തൊഴിലാളി സംഘടനകളും റിലയന്‍സിനെ ഫണ്ട് മാനേജറായി നിയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇ.എസ്.ആ കോര്‍പ്പറേഷന് കീഴില്‍ വരുന്ന 11 കോടിയോളം തൊഴിലാളികളുടെ വാര്‍ദ്ധക്യ കാലത്തെ കച്ചിതുരുമ്പാണ് മോഡി റിലയന്‍സിന് ചൂതാടാന്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന കുറ്റാന്വേണ ഏജന്‍സിയായ സി.ബി.ഐയില്‍ അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങള്‍ മോഡി ഗവണ്‍മെന്റിന്റെ വിശ്വാസ്യതയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതാണ്. അര്‍ധരാത്രിയില്‍ ഫോഴ്‌സിനെ ഉപയോഗിച്ച് സിബിഐ ആസ്ഥാനം വളഞ്ഞ് ഡയറക്ട്‌റുടെ ഓഫീസ് സീല്‍ ചെയ്ത ഗവണ്‍മെന്റ് നടപടി അകത്തളങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റാഫോല്‍ ഇടപാടു സംബന്ധിച്ച പല വിലപ്പെട്ട വിവരങ്ങളും സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മയുടെ കൈവശം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍മയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നാല് ഐബി ഓഫീസര്‍മാരെ അലോക് വര്‍മയുടെ സുരക്ഷാ ഭടന്‍മാര്‍ പിടികൂടിയത് ഗവണ്‍മെന്റ് ഈ വിഷയത്തില്‍ എത്രമാത്രം പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. അലോക് വര്‍മയുമായി അടുപ്പം സൂക്ഷിച്ചിരുന്ന പന്ത്രണ്ടോളം ഉദ്യോഗസ്ഥരെയാണ് സിബിഐയില്‍ കൂട്ടസ്ഥലമാറ്റത്തിന് വിധേയമാക്കിയത്.
വിമര്‍ശനങ്ങളോടും എതിര്‍ ശബ്ദങ്ങളോടും കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്ന നരേന്ദ്ര മോഡിയുടെ അതിരുകടന്ന സ്വജനപക്ഷപാതം ഇന്ത്യയിലെ ജനകോടികളുടെ താല്‍പ്പര്യങ്ങളെ കുഴിച്ചു മുടുന്നതാണ്. സമ്പത്ത് ഏതാനും വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുകയും പാവപ്പെട്ടവന്റെ ജീവിത മാര്‍ഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നതുമാണ് മോഡിയുടെ പല നയങ്ങളും. ഇന്ത്യയിൽ അടുത്ത കാലത്ത് ഏറ്റവുമധികം വിമര്‍ശന വിധേയമായ പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിലവാരം അതിന് ഉദാഹരണമാണ്. മോഡി ഗവണ്‍മെന്റിന്റെ ഇന്നത്തെ നയങ്ങള്‍ക്കെതിരെ മറ്റ് ഭിന്നതകൾ മാറ്റിവെച്ച് ജനാതിപത്യ ശക്തികള്‍ ഒരുമിച്ചില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയെന്ന രാഷ്ട്രം ഒരുപറ്റം കോടീശ്വരന്മാരുടെ മാത്രമായിത്തീരും.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply