ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രളയത്തിൽ ഉഴലുന്നവർക്കു പിന്തുണ നൽകും. രാജ്യത്ത് പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രളയത്തിൽ വലിയൊരു വിഭാഗം ഇന്ത്യക്കാർ പ്രയാസപ്പെടുന്നു. പ്രളയ രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 370 എടുത്തുകളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണെന്നും മോദി വ്യക്തമാക്കി. കാഷ്മീരിൽ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ് സർക്കാർ പൂർത്തിയാക്കിയത്.
കാഷ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. 70 വർഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാൻ സാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്ക് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് മുസ്ലിം സ്ത്രീകളിൽ ഭയം സൃഷ്ടിച്ചിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്റെ ഭയം നീക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങളല്ല, ഒരു രാജ്യം, ഒരു ഭരണഘടന എന്നതാണ് ലക്ഷ്യം. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഘട്ടില്‍ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു.
Leave a Reply