കുഞ്ഞുങ്ങൾക്കു ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് അവൻ വീടു വിട്ടുപോയത്. ചേതനയറ്റ അവന്റെ ശരീരമാണ് പിന്നെ മടങ്ങി വന്നത്. കരഞ്ഞു തളർന്നു കൊണ്ട് സഹോദരനായ മുഹമ്മദ് ഇമ്രാൻ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് ഫുര്‍ഖാന്റെ (32) ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ഫുർഖാനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമി സംഘത്തിലൊരാൾ ഫുര്‍ഖാനു നേരെ വെടിവയ്ക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
‘വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ള കടകളെല്ലാം തന്നെ അടച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വാങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടിൽനിന്നു പോയത്. വൻതോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങൾ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി ഞാൻ അവനെ കാണുന്നത്.
സുഹൃത്തുക്കളിലൊരാളാണ് എന്നെ വിളിച്ച് സഹോദരനു കാലിൽ വെടിയേറ്റുവെന്ന് അറിയിച്ചത്. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴേക്കും എന്റെ എല്ലാ സ്വപ്നങ്ങളും തകർക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാൻ ഞാൻ ആശുപത്രിയിലെ ഡോക്ടർമാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എന്റെ ലോകമായിരുന്നു അവൻ. എന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എന്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’–കണ്ണീരോടെ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഗോകുല്‍പുരി മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 7 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. ബജൻപുര, ജാഫറാബാദ്, മൗജ്പുർ തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്.
Leave a Reply