മുംബൈ: ദളിത് വീടുകളില്‍ പോയി ആഹാരം കഴിച്ച് ബി.ജെ.പി നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം നാടകങ്ങള്‍ക്ക് പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ. ബി.ജെ.പി നേതാക്കള്‍ ദളിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. മുംബൈയില്‍ ദളിതര്‍ക്ക് വേണ്ടി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ദളിതരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കൊണ്ട് മാത്രമായില്ല. ദളിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവര്‍ നമ്മെ സ്വീകരിക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ നമ്മളും തയ്യാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പെണ്‍മക്കളെ ദളിതരുടെ വീടുകളിലേക്ക് അയക്കാന്‍ നാം തയ്യാറാകുമോ-ഭാഗവത് ചോദിച്ചു. ആര്‍.എസ്.എസ് അധ്യഷന്റെ അഭിപ്രായത്തോട് വേദിയിലുണ്ടായിരുന്ന വി.എച്ച്.പി നേതാവ് അലോക് കുമാറും യോജിച്ചു.

എല്ലാ ബി.ജെ.പി മന്ത്രിമാരും എം.പിമാരും 50 ശതമാനത്തിന് മുകളില്‍ ദളിത് ജനസംഖ്യയുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ആഹാരം കഴിക്കുന്നതിനുള്ള പദ്ധതിയായ ഗ്രാമ സ്വരാജ് അഭിയാന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടാകില്ലെന്ന് ബി.ജെ.പിയുടെ ദളിത് എംപി ഉദിത് രാജ് വിമര്‍ശിച്ചിരുന്നു. ഈ പദ്ധതി ദളിതരുടെ അപകര്‍ഷതാ ബോധം വര്‍ധിപ്പിക്കുകയേയുള്ളൂ. ദളിത് ഭവനങ്ങളില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.