ദിലീപിന്റെ ജാമ്യത്തിനായി കാത്തുനില്‍ക്കാതെ രാമലീല റിലീസിനെത്തുകയാണ്. ഈ മാസം 28ന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തെ വിജയിപ്പിക്കാന്‍ എല്ലാ താരങ്ങളും ഒന്നിച്ചുനില്‍ക്കും. കൊച്ചിയില്‍ ഇന്നലെ ഒത്തുകൂടിയ പ്രമുഖ സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ രാമലീല വിജയമാക്കുന്നതിന് കഴിയാവുന്നത് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് പിരിഞ്ഞത്.
ഓണക്കാല സിനിമകള്‍ വലിയ വിജയം കാണാത്തതുകൊണ്ട് ഏറ്റവും പ്രതീക്ഷയോടെയാണ് രാമലീലയെ എല്ലാവരും കാണുന്നത്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ദിലീപ് ചിത്രങ്ങളെല്ലാം തന്നെ മോശമല്ലാത്ത കളക്ഷന്‍ നേടിയിരുന്നു.
പൃഥിരാജിന്റെ ആദം ജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടിലിലെ ഒരിടവേളയും മാത്രമാണ് ഓണക്കാലത്ത് പ്രേക്ഷകരുടെ മികച്ചപ്രതികരണം നേടിയത്. വെളിപാടിന്റെ പുസ്തകം വന്‍ദുരന്തമാക്കിയത് ദിലീപ് ഫാന്‍സുകാരാണെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ രാമലീലയില്‍ പകരം വീട്ടാന്‍ ഫാന്‍സുകാര്‍ തയ്യാറെടുത്തിരുന്നു.
എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററില്‍ പ്രേക്ഷകര്‍ കുറവാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അഴിക്കുള്ളിലായതാണ് ഇതിന് കാരണമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഇതില്‍ നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ സിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. അതിന് പറ്റിയ വജ്രായുധമാണ് രാമലീല. രാമലീല ഹിറ്റായാല്‍ നടിയെ ആക്രമിച്ച കേസിലെ കളങ്കം മലയാള സിനിമയ്ക്ക് തീരും. അതുകൊണ്ട് തന്നെ രാമലീലയില്‍ പകരം വീട്ടല്‍ വേണ്ടെന്നാണ് സൂപ്പര്‍താരങ്ങളുടെ തീരുമാനം. മോഹന്‍ലാലിന്റെ വില്ലനും ഏറെ പ്രതീക്ഷയോടെ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനെ പൊളിക്കാന്‍ ദിലീപ് ഫാന്‍സും വരില്ല. അങ്ങനെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഫാന്‍സുകാരെ മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ സജ്ജമാക്കുകയാണ്.
രാമലീല പ്രദര്‍ശനത്തിനെത്തുമെന്ന ഘട്ടത്തില്‍ പൃഥ്വിരാജ് അനുകൂലികള്‍ ഇതിന് പകരംവീട്ടാന്‍ തയ്യാറായിരുന്നെന്നും നിലവിലെ സാഹചര്യത്തില്‍ സിനിമയ്ക്കെതിരെ പ്രവര്‍ത്തിക്കരുതെന്ന് താരത്തോടുപ്പമുള്ളവര്‍ ഫാന്‍സുകാരരോട് നിര്‍ദ്ദേശിച്ചതായും പറയപ്പെടുന്നു. തങ്ങള്‍ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമല്ല പ്രശ്നമെന്നും സിനിമ കാണികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയരിക്കുന്നതെങ്കില്‍ വിജയിക്കുമെന്നുമാണ് ഒരുപക്ഷം പറയുന്നത്.
രാമലീലയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ ഭാഗത്തുനിന്നും മനഃപ്പൂര്‍വ്വമായ നീക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും സിനിമ നല്ലതാണോ എന്ന് ജനങ്ങളാണ് വിധിയെഴുതേണ്ടതെന്നും മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.
സിനിമ മേഖലയിലൈ മറ്റൊരു സംഘടനയായ ഫെഫ്കയുടെ നിലപാടും രാമലീലയ്ക്ക് അനുകൂലമാണ്. രാമലീല രക്ഷപെട്ടാല്‍ മലയാള സിനിമ മേഖലയ്ക്ക് പുത്തനുണര്‍വ്വ് ലഭിക്കുമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും നിഗമനം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് രാമലീലയുടെ റിലീസ് പലതവണ മാറ്റിവെച്ചത്. പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്.
Leave a Reply