ബാഹുബലി വേണ്ടെന്നുവച്ച താരങ്ങളുടെ പട്ടികയിൽ മോഹൻലാലും. സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ പുറത്തുവിട്ടു. മൂന്നുവർഷം മാറ്റിവെക്കാൻ ഡേറ്റ് ഇല്ലാതിരുന്നതിനെ തുടർന്നാണ് കട്ടപ്പയാകാൻ മോഹൻലാൽ തയാറാകാതെയിരുന്നതെന്നാണ് വാർത്ത. മോഹൻലാലുമൊന്നിച്ചൊരു സിനിമ രാജമൗലിയുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടിയുള്ള ചർച്ചകൾ നടന്നിട്ടുമുണ്ട്. ബാഹുബലി 1000 കോടി കടക്കുമ്പോൾ അവസരം വേണ്ടെന്നുവച്ച താരങ്ങളുടെ നിര ഇനിയുമുണ്ട്. ബല്ലാലദേവനായി വിവേക് ഒബ്റോയിയും ആവന്തികയായി സോനം കപൂറുമായിരുന്നു രാജമൗലിയുടെ മനസിൽ.
ബാഹുബലിയിൽ നായികയായി അനുഷ്ക ഷെട്ടിയ്ക്കു പകരം സംവിധായകൻ രാജമൗലി ആദ്യം സമീപിച്ചത് നയൻതാരയെ. എന്നാൽ തമിഴിൽ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാൽ നയൻതാര ഒഴിഞ്ഞു മാറി. മാത്രമല്ല തെലുങ്കിൽ കൂടുതൽ സിനിമ ചെയ്യേണ്ട എന്നും നയൻതാര തീരുമാനിച്ചിരുന്നു. ഇതോടെ രാജമൗലി അനുഷ്കയെ സമീപിക്കുകയായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ പ്രഭാസിനെ മാറ്റി ഋത്വിക് റോഷനേയോ ജോൺ ഏബ്രഹാമിനേയോ പരീക്ഷിക്കാനും സംവിധായകനു നീക്കമുണ്ടായിരുന്നു. നടി ശ്രീദേവിയ്ക്കും ബാഹുബലിയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. രമ്യ കൃഷ്ണയ്ക്കു പകരം ശ്രീദേവിയെ ആണ് ആദ്യം സംവിധായകൻ സമീപിച്ചത്. എന്നാൽ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാർ ഒപ്പിട്ടതിനാൽ ശ്രീദേവിയ്ക്കു അവസരം നഷ്ടപ്പെട്ടു.
Leave a Reply