അനിത പുല്ലയലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം

അനിതയുടെ അനിയത്തിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന് തന്റെ കൈവശം പണം ഉണ്ടായിരുന്നു. അതാണ് താന്‍ നല്‍കിയത്. തനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് അനിത തനിക്കെതിരെ രംഗത്തുവന്നതെന്ന് മോന്‍സന്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.