തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കടുത്ത നിലപാടുമായി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി തുടരുന്നതിനിടെ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത്. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന നടത്തണമായിരുന്നുവെന്നും മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായെന്നും ആണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസില്‍ നേരിട്ട് വിളിച്ച് മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചതായാണ് സൂചനകള്‍. ശക്തമായ അതൃപ്തി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് എന്തു പിഴച്ചുവെന്നാണ് ഇന്നലെ കുരിശ് പൊളിച്ചതിനെതിരെ പിണറായിയുടെ പ്രതികരണം. കുരിശ് തകര്‍ത്ത് ഒഴിപ്പിക്കല്‍ നടത്തിയതില്‍ അതൃപ്തിയുണ്ട്. കുരിശില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോട് ആലോചിക്കണമായിരുന്നു. കുരിശ് സര്‍ക്കാര്‍ പൊളിച്ചുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ബാക്കി നടപടികള്‍ നാളെ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സബ്കളക്ടര്‍ ശ്രീറാമിനെ മാറ്റിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. കയ്യേറ്റക്കാരുടെ പക്ഷത്തുനില്‍ക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യമാണിത്.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലും സബ് കലക്ടര്‍ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ഇന്ന് പ്രസ്താവിച്ചിരുന്നു. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കല്‍ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രര്‍ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും ജയചന്ദ്രന്‍ നല്‍കി.
പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചതിനെതിരെ സിപിഐഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രനും എതിര്‍പ്പുമായി എത്തിയിരുന്നു. നേരത്തേ മുതലേ സബ്കളക്ടര്‍ക്കെതിരെ ജില്ലയില്‍ സി.പി.എം നേതൃത്വം ശക്തമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. ഇന്ന് അത് രൂക്ഷമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പരസ്യ നിലപാടുമായി എത്തുന്നത്.
പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന് മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ ഇതിന് പോകാന്‍ പാടില്ല. വിശ്വാസമാണ് മുന്നിലുള്ളത്. അതിനെ ഇല്ലാതാക്കാന്‍ പാടില്ല. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, റവന്യൂ അധികാരികളുടെ കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനായും ഇന്ന് ശ്രമം നടന്നിരുന്നു. വഴിയിലുടനീളം ഇവരെ തടയാനായുള്ള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുള്ള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റുകയായിരുന്നു.
ഇതിനിടെ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് തകര്‍ത്ത റവന്യൂ വകുപ്പ് അധികൃതര്‍ക്ക് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് തന്‍റെ പിന്തുണ ഇദ്ദേഹം അറിയിച്ചത്. കേരളത്തില്‍ ഒരു സ്ഥലത്ത് തോമാസ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ആര്‍ക്കും ഉണ്ടായില്ല. ഇതു തന്നെയാണ് മൂന്നാറിലും ഉണ്ടായിരിക്കുന്നത്. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും കുറച്ചാണ് ഭദ്രാസനാധിപന്‍ ഫെയ്‌സബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് താഴെ
Leave a Reply