മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ സംഘര്‍ഷം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ വേണ്ടെന്ന് ഗോമതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം. ആം ആദ്മി പ്രവര്‍ത്തകരും നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്ന ചിലരും തമ്മിലാണ് സംഘര്‍ഷം അരങ്ങേറിയത്.
ആം ആദ്മി പ്രവര്‍ത്തകര്‍ ഇവിടെ സമരം ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു സംഘര്‍ഷം. മൂന്നാറിലെ ആളുകള്‍ സമരം ചെയ്യുമ്പോള്‍ പുറത്തുനിന്നു വന്ന് ആരും സമരം ചെയ്യേണ്ടെന്നും അവരില്‍ ചിലര്‍ പറഞ്ഞു. എഎപിക്കാര് ഇവിടെ വന്ന് ഷോ കാണിക്കേണ്ടെന്നും ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടുള്ളവര്‍ക്ക് അറിയാമെന്നുമായിരുന്നു അതിലൊരാളുടെ വാദം. ഇതിനിടെ, സമരപ്പന്തല്‍ പാെളിക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമം നടത്തി.
അതേസമയം, പ്രശ്‌നം ഉണ്ടാക്കിയവര്‍ സിപിഐഎമ്മുകാരാണെന്നും തങ്ങളുടെ സമരം തകര്‍ക്കാനും ആം ആദ്മി പ്രവര്‍ത്തകരെ ഒഴിവാക്കിയ ശേഷം തങ്ങളെ അടിച്ചുകൊല്ലാനാണ്അവരുടെ ശ്രമമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ആം ആദ്മി പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്നാല്‍ അവര്‍ നിരാഹാരം ഇരിക്കില്ലെന്നും ഗോമതി പറഞ്ഞു.
സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പൊലീസെത്തിയാണ് സ്ഥിതി അല്‍പ്പമെങ്കിലും ശാന്തമാക്കിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.
Leave a Reply