പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങി മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമാണ് കിലുക്കം. മോഹന്‍ലാലും രേവതിയും നായികാനായകന്‍മാരായ ചിത്രം 365 ദിവസങ്ങളോളം തീയറ്ററില്‍ നിറഞ്ഞോടിയിരുന്നു. പ്രധാനമായും 4 കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു കിലുക്കത്തിന്റെ കഥാഗതി. മോഹന്‍ലാലിന്റെ ജോജി, ജഗതിയുടെ നിശ്ചല്‍, രേവതി, തിലകന്‍. എന്നാല്‍ ചിത്രത്തില്‍ അവരെ കൂടാതെ നിരവധി കഥാപാത്രങ്ങള്‍ വന്നു പോകുന്നുണ്ട്. ഇന്നസെന്റ്, മുരളി, ഗണേഷ് കുമാര്‍ അങ്ങനെ നിരവധി പേര്‍. പൂജപ്പുര രവി എന്ന നടന്‍ പോലും ഒരു സീനില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ രണ്ടേ രണ്ട് അപ്രധാന രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാളുണ്ട്. ജഗദീഷ്. ഡയലോഗ് പോലുമില്ലാതെയാണ് ജഗദീഷ് എന്ന അന്നത്തെ പ്രമുഖ നടന്‍ ആ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. തിക്കുറുശി അവതരിപ്പിക്കുന്ന ചായക്കടക്കാരന്റെ സീനിലും, ഊട്ടിപ്പട്ടണം എന്ന പാട്ടിന്റെ ഒരു രംഗത്തിലും.
എന്നാല്‍ ജഗദീഷിന് സിനിമയില്‍ 15 ഓളം സീനുകള്‍ ഉണ്ടായിരുന്നതായി ജഗദീഷ് തന്നെ വെളിപ്പെടുത്തി. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷന്‍ സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാല്‍ ഇതൊന്നും സിനിമ റിലീസ് ആയപ്പോള്‍ വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോള്‍ 5 മണിക്കൂറില്‍ അധികമുണ്ട്. അതിനാല്‍ അപ്രധാനമായ രംഗങ്ങള്‍ എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാല്‍ ജഗദീഷിന്റെ രംഗങ്ങള്‍ മിക്കതും ഒഴിവാക്കും. ഒന്നും തോന്നരുത് എന്ന്. കേട്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവര്‍ത്തിയില്ലാതെ സഹിക്കുകയായിരുന്നു.
സിനിമ റിലീസ് ആയി സൂപ്പര്‍ ഹിറ്റായി ചരിത്രമായി മാറിയപ്പോള്‍ നഷ്ടബോധം തോന്നിയിരുന്നതായും ജഗദീഷ് പറഞ്ഞു. അങ്ങനെയാണ് മുഴുനീള വേഷം ചെയ്ത ജഗദീഷ് ചിത്രത്തില്‍ നിന്ന് പുറത്തായത്. ചാനല്‍ പരിപാടിക്കിടെയാണ് ജഗദീഷ് ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. നന്ദുവിനും സമാനമായ അനുഭവമാണ് ചിത്രത്തില്‍ നിന്നും ഉണ്ടായത്. അപ്രധാന കഥാപാത്രമായതിനാല്‍ ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് നന്ദുവിനെയും ഒഴിവാക്കുകയായിരുന്നുവെന്ന് നന്ദുവും ഒരു ചാനല്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു.