ആറന്മുളയിൽ പ്രസവത്തിന് പിന്നാലെ മാതാവ് ചോരക്കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചു. കുഞ്ഞ് മരിച്ചെന്നു കരുതിയ ഇടത്തു നിന്ന് രക്ഷപ്പെടുത്തിയെടുത്ത് പൊലീസുകാർ. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് കണ്ടെത്തിയത്. നവജാതശിശുവിനെ കണ്ടയുടനെ ബക്കറ്റോടു കൂടി പൊലീസുകാർ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ ആറന്മുള സ്വദേശിനി ബക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
അമിത രക്തസ്രാവത്തെ യുവതി തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. യുവതി വീട്ടില്‍ വച്ചാണ് പ്രസവിച്ചത്. സഹായത്തിന് മറ്റാരുമില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടാകുകയായിരുന്നു. തുടർന്ന് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തി.
യുവതിയുടെ പ്രസവം കഴിഞ്ഞെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ യുവതിയോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചു. എന്നാൽ പരസ്പരവിരുദ്ധമായ മറുപടിയാണ് യുവതി നല്‍കിയത്. ഇതിനിടെ കുഞ്ഞ് മരിച്ചെന്നും യുവതി മൊഴി നല്‍കി. കുഞ്ഞ് മരിച്ചെന്ന് പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ചെങ്ങന്നൂര്‍ പൊലീസ് യുവതിയുടെ വീട്ടിലെത്തി. അവിടെ നടത്തിയ പരിശോധനയിൽ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍നിന്ന് കരച്ചിൽ കേൾക്കുകയായിരുന്നു. തുടന്ന് എന്തോ അനങ്ങുന്നതായും തോന്നി. ഇതോടെ പൊലീസിൻ്റെ ശ്രദ്ധ അവിടേക്കായി. ബക്കറ്റിനുള്ളിൽ പരിശോധിച്ചപ്പോൾ തുണിയില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ബക്കറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്താൽ കുഞ്ഞിൻ്റെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നതിനാൽ ഉടന്‍തന്നെ പൊലീസ് സംഘം ബക്കറ്റ് ഉൾപ്പെടെ എടുത്ത് ഓടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.
നിലവില്‍ അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണംചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നവിവരം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന വ്യക്തിയാണ് യുവതിയെന്നാണ് വിവരം. ഗര്‍ഭിണിയായവിവരം അവർ ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. എന്നാൽ ഇതിനുപിന്നാലെ അമിതമായരക്തസ്രാവമുണ്ടായതോടെ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയായിരുന്നു.