ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജോലിസ്ഥലത്തെ സമ്മർദ്ദത്തെ തുടർന്ന് ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ കോടതി വാദം കേട്ടു. രോഗികൾക്ക് പ്രിയപ്പെട്ടതും, ഏത് സമയത്തും സമീപിക്കാവുന്നതുമായ ഡോക്ടർ വൈഷ്ണവി കുമാർ(35) ജൂൺ 22 നാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ വെച്ചുണ്ടായ മോശമായ അനുഭവത്തെയും സമ്മർദ്ദത്തെയും തുടർന്നുള്ള വിഷമമാണ് മരണകാരണമെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം.
രോഗികളോട് കരുതലോടെ ഇടപെടുന്ന, കരുണയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട ഡോക്ടറിന്റെ വേർപാടിൽ ഇപ്പോഴും എല്ലാവരും സങ്കടത്തിലാണ്. ആശുപത്രിയിൽ വെച്ച് നേരിട്ടിരുന്ന സമ്മർദ്ദത്തിൽ മനംനൊന്ത് വൈഷ്ണവി ഏറെ നേരം കരയാറുണ്ടായിരുന്നെന്ന നിർണായക വിവരമാണ് ആത്മഹത്യ എന്ന സംശയം ബലപ്പെടുത്തിയത്.
തന്റെ മകൾ ജോലി ചെയ്തിരുന്ന ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ പലപ്പോഴും ജോലിയിൽ സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നെന്നും, ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതാണെന്നും വൈഷ്ണവിയുടെ പിതാവ് ഡോക്ടർ രവി കുമാർ ബർമിംഗ്ഹാം കൊറോണർ കോടതിയെ അറിയിച്ചു. എന്നാൽ വൈഷ്ണവി 2019-ൽ മാനസികാരോഗ്യ വിദഗ്ധന്റെ പക്കൽ ചികിത്സ തേടിയിരുന്നെന്നും, ജോലിഭാരവും കുടുംബത്തിലെ അപ്രതീക്ഷിത വിയോഗവുമാണ് മരണത്തിനു പിന്നിലെന്ന് സോളിഹൾ അസിസ്റ്റന്റ് കോറോണർ ഇയാൻ ഡ്രീലൻ പറഞ്ഞു.
കോവിഡ്- 19 ന്റെ സമയത്ത് വൈഷ്ണവി സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽ ട്രസ്റ്റിൽ ചീഫ് രജിസ്ട്രാറായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഡോക്ടറിന്റെ വേർപാടിൽ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിലൂടെ അനുസ്മരിക്കുന്നത്. സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു വൈഷ്ണവിയെന്നും, വിയോഗം അപ്രതീക്ഷിതമായിട്ടാണെന്നും കേസിൽ കോടതി വാദം കേട്ടതിനു ശേഷം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply