പ്രധാനമന്ത്രിപദം ഒഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകാൻ ഒരു ഡസനോളം നേതാക്കൾ രംഗത്ത്. പ്രമുഖരായ നേതാക്കൾ പലരും കസേര മോഹം പരസ്യമാക്കി രംഗത്തെത്തിയതോടെ പ്രധാനമന്ത്രി സ്ഥാനത്തേതക്ക് കടുത്ത മൽസരം ഉറപ്പായി. മുൻ വിദേശകാര്യ മന്ത്രിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസൺ, കഴിഞ്ഞദിവസം രാജിവച്ച ഹൌസ് ഓഫ് കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്സം , പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് മൽസര രംഗത്തുള്ളത്. ബോറിസും ആൻഡ്രിയയും മൈക്കിൾ ഗോവും തെരേസ മേയ്ക്കെതിരെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മൽസരിച്ചിരുന്നു.
യുവ നേതാവ് ഡൊമിനിക് റാബ്, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവേദ്, ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട്, ട്രഷറി ചീഫ് സെക്രട്ടറി ലിസ് ട്രസ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അംബർ റൂഡ്, ഹെഷത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്, മുൻ മന്ത്രി പ്രിതി പട്ടേൽ, പ്രതിരോധ സെക്രട്ടറി പെന്നി മോർഡന്റ്, തുടങ്ങിയവരാണ് നേതൃസ്ഥാനത്തേക്ക് സാധ്യത കൽപിക്കുന്ന മറ്റ് നേതാക്കൾ. ഇവരിൽ പലരും മൽസരിക്കാനുള്ള താൽപര്യം പരസ്യമായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ജൂൺ ഏഴിന് തെരേസ മേയ് സ്ഥാനം ഒഴിയുന്നതോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടിയിൽ ഔദ്യോഗികമായി ആരംഭിക്കും. ജൂൺ പത്തിനായിരിക്കും നേതൃസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. രണ്ട് എംപിമാരുടെ പിന്തുണയോടെയാകണം നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ പത്രിക സമർപ്പിക്കേണ്ടത്. മൽസരരംഗത്ത് രണ്ടിൽ കൂടുതൽ സ്ഥാനാർഥികളുണ്ടായാൽ തുടർച്ചയായ വോട്ടെടുപ്പുകളിലൂടെ സ്ഥാനാർഥികളുടെ എണ്ണം കുറച്ചുകൊണ്ടുവരും. ഏറ്റവും കുറച്ച് വോട്ടുകിട്ടുന്ന സ്ഥാനാർഥികൾ പുറത്താകുന്ന രീതിയിലാകും പല ഘട്ടങ്ങളായുള്ള ഈ വോട്ടെടുപ്പ് പ്രക്രിയ. ജൂൺ അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ജൂലൈയിൽ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ബ്രാൻഡൺ ലൂയിസ് വ്യക്തമാക്കി. അതുവരെ കാവൽ പ്രധാനമന്ത്രിയായി തെരേസ മേയ് തുടര
ഡേവിഡ് കാമറൺ സ്ഥാനമൊഴിഞ്ഞപ്പോഴും മൽസരരംഗത്ത് നിരവധി സ്ഥാനാർഥികളുണ്ടായിരുന്നു. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ അന്ന് ആദ്യ റൌണ്ടിൽ തന്നെ പരാജയം മുന്നിൽകണ്ട് മൽസരംഗത്തുനിന്നും പിന്മാറി. അവസാന റൌണ്ടിൽ അവശേഷിച്ച ആൻഡ്രിയ ലീഡ്സവും മൈക്കിൾ ഗോവും മറ്റും അന്തിമ വോട്ടെടുപ്പിനു നിൽക്കാതെ പിന്മാറിയതോടെ തെരേസ മേയ്ക്ക് എതിരില്ലാതായി. അന്ന് എല്ലാവരും പ്രധാനമന്ത്രിയാകുമെന്ന് കരുതിയത് ബോറിസ് ജോൺസണാണ്. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിതമായി തെരേസ മേയ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുവരികയും വിജയം നേടുകയുമായിരുന്നു.
പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്റെ പരിവേഷമുള്ള ബോറിസ് ജോൺസൺ ഇക്കുറിയും ആദ്യം തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. കടുത്ത ബ്രക്സിറ്റ് വാദിയായ ബോറിസിന് കൂടുതൽ വെല്ലുവിളിയുമായി ആര് ഉയർന്നുവരുമെന്നാണ് കണ്ടറിയേണ്ടത്. എന്തായാലും സ്ഥാനമൊഴിയുന്ന തെരേസയുടെ പിന്തുണ ബോറിസിന് ഉണ്ടാകില്ല. ആശയപരമായി അത്രമാത്രം അകൽച്ചയിലാണ് ഇരുവരും.
Leave a Reply