ലണ്ടന്‍: സാറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നതായി കണ്ടെത്തല്‍. പരീക്ഷാ സമയത്ത് പിരിമുറുക്കവും ആകാംക്ഷയും ഇവരെ പിടികൂടുന്നതായാണ് കണ്ടെത്തിയത്. ചിലര്‍ക്ക് ഉറക്കക്കുറവും ആക്രമണ സ്വഭാവവും ഉണ്ടാകുന്നതായും സ്ഥിരീകരിച്ചു. സ്‌കൂള്‍ ലീഡര്‍മാര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായത്. പരീക്ഷാ സമയത്ത് കുട്ടികളില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ട് സ്‌കൂള്‍ ലീഡര്‍മാരും അഭിപ്രായപ്പെട്ടു.
പിരിമുറുക്കം വര്‍ദ്ധിച്ച് ഒരു കുട്ടി കണ്‍പീലീകളെല്ലാം വലിച്ചെടുത്തു കളഞ്ഞതായും വിവരമുണ്ട്. തോല്‍ക്കുമോ എന്ന ആശങ്ക കുട്ടികള്‍ പുലര്‍ത്തുന്നുവെന്നും പരീക്ഷയ്ക്കിടെ ഇവര്‍ ഇരുന്ന് കരയുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും സര്‍വേയില്‍ പങ്കെടുത്ത അധ്യാപകര്‍ പറഞ്ഞു. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളില്‍ നടക്കുന്ന ദേശീയതലത്തിലുള്ള വിവാദ സാറ്റ് പരീക്ഷ നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. കോമണ്‍സ് സര്‍വകക്ഷി എഡ്യുക്കേഷന്‍ കമ്മിറ്റിയുടെ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടും ഇതിനൊപ്പം തന്നെയാണ് പുറത്തു വരുന്നത്.
സാറ്റ് പരീക്ഷയുടെ ഫലം സ്‌കൂളുകളുടെ ഉത്തരവാദിത്വം അളക്കാന്‍ ഉപയോഗിക്കുന്നത് പ്രൈമറി സ്‌കൂളുകളിലെ അധ്യാപന നിലവാരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ക്ഷേമത്തെ ബാധിക്കുന്ന വിധത്തിലാണ് ഈ പരീക്ഷ ഇപ്പോള്‍ നടന്നു വരുന്നതെന്നും ആനുവല്‍ പെര്‍ഫോമന്‍സ് ടേബിളുകളില്‍ സാറ്റ് പരീക്ഷാഫലം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വരാനിരിക്കുന്ന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
Leave a Reply