ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആകെ നാശം വിതച്ച ബെർട്ട് കൊടുങ്കാറ്റിനു ശേഷം ഇന്നും നാളെയും കനത്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകി. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ബെർട്ട് മൂലമുള്ള കാറ്റിലും വെള്ളപ്പൊക്കത്തിലും വീടുകൾക്കും റോഡുകൾക്കും റെയിൽ ശൃംഖലകൾക്കും കനത്ത നാശം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.


വാരാന്ത്യത്തിൽ യുകെയിലെ ഭൂരിഭാഗം മേഖലയിലും ആഞ്ഞടിച്ച ബെർട്ട് കൊടുങ്കാറ്റിൽ അഞ്ച് പേരെങ്കിലും മരിച്ചതായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് കൊടുങ്കാറ്റിനോട് അനുബന്ധിച്ച് വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അലംഭാവം ഉണ്ടായതായുള്ള വിമർശനം ഉയർന്നു വരുന്നുണ്ട് . യുകെയിൽ ഉടനീളം കുറഞ്ഞത് 300 സ്ഥലങ്ങളെങ്കിലും നിലവിൽ വെള്ളത്തിനടിയിലാണ്. ബെർട്ട് മൂലമുള്ള നാശനഷ്ടങ്ങളെ തുടർന്ന് വ്യാപകമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകപെട്ടിരിക്കുന്നത്.


ഈ ആഴ്ച കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിനേക്കാളും തീവ്രത കുറവായിരിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കൂടുതൽ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം യുകെയിൽ ഉടനീളം സംജാതമായതിന്റെ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായ സൗത്ത് വെയിൽസിലെ ജനങ്ങൾ തയ്യാറെടുപ്പിന്റെ അഭാവങ്ങളെ കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മതിയായ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടില്ല എന്നും ശക്തമായ പരാതി ഉന്നയിച്ചു. സമാനമായ വിമർശനങ്ങൾ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും നിന്ന് ഉയർന്നു വരുന്നുണ്ട്. 2020-ൽ നഗരത്തിൻ്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായ ഡെന്നിസ് കൊടുങ്കാറ്റിൽ നിന്ന് പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് റോണ്ട സൈനോൺ ടാഫിലെ പോണ്ടിപ്രിഡിൽ പ്രദേശവാസികൾ പറഞ്ഞു. കനത്ത മഴയും കൊടുങ്കാറ്റും വീശി അടിക്കാനുള്ള സാഹചര്യത്തിൽ പലയിടത്തും യെല്ലോ അലർട്ട് മാത്രമാണ് നൽകപ്പെട്ടത്. ഉയർന്നുവരുന്ന പരാതികളുടെ വെളിച്ചത്തിൽ കാലാവസ്ഥാ പ്രവചനത്തിനെയും മുന്നറിയിപ്പ് സംവിധാനത്തിനെയും പൂർണമായ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.