ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി സ്കൂൾ, നേഴ്സറി ജീവനക്കാരുടെ ഒരു ദേശീയ ടൂത്ത് ബ്രഷിംഗ് പദ്ധതിക്ക് യുകെ സർക്കാർ തുടക്കം കുറിക്കുകയാണ്. ചില സ്കൂളുകളിൽ സമാനമായ പരിപാടികൾ ഇതിനകം നിലവിലുണ്ട്, എങ്കിലും ദരിദ്ര പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനായി ഈ സംരംഭത്തിന് ഇനി കേന്ദ്ര ധനസഹായം ലഭിക്കും. പുതിയ സംരംഭം കുട്ടികൾക്ക് പല്ലുവേദന അനുഭവപ്പെടുന്നത് തടയാനും എൻ എച്ച് എസിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് ദന്ത വിദഗ്ധർ അറിയിച്ചു. പുതിയ പരിപാടി പ്രയോജനകരമാകുമെങ്കിലും കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സ് (NAHT) അറിയിച്ചു.
2006 മുതൽ സ്കോട്ട് ലൻഡിലും 2009 മുതൽ വെയിൽസിലും ദേശീയ മേൽനോട്ടത്തിലുള്ള ടൂത്ത് ബ്രഷിംഗ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. നോർത്തേൺ അയർലൻഡിൽ, ദരിദ്ര പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു ധനസഹായ പദ്ധതിയുടെ ഭാഗമായി 2016 മുതൽ ചില നേഴ്‌സറി ജീവനക്കാർ ടൂത്ത് ബ്രഷിംഗിന് മേൽനോട്ടം വഹിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്കൂൾ ദിവസത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും എങ്ങനെ പല്ല് തേക്കണമെന്ന് കുട്ടികളെ പഠിപ്പിക്കും.
വീട്ടിൽ നിന്ന് പല്ല് തേക്കുന്നത് പിന്തിരിപ്പിക്കുകയല്ല ഇവരുടെ ലക്ഷ്യമെന്നും കുട്ടികളിൽ നല്ല ശീലങ്ങൾ, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ആശയമെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ, ഇംഗ്ലണ്ടിലെ അഞ്ച് വയസ്സുള്ള നാലിൽ ഒരാൾക്ക് ദന്തക്ഷയം അനുഭവപ്പെട്ടിട്ടുണ്ട്, ദരിദ്ര പ്രദേശങ്ങളിൽ ഈ നിരക്ക് മൂന്നിൽ ഒന്നായി ഉയരുന്നു. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ആശുപത്രി പ്രവേശനത്തിന്റെ പ്രധാന കാരണവും പല്ലിന് ക്ഷയം തന്നെയാണ്. പല മേഖലകളിലും, ഒരു എൻഎച്ച്എസ് ദന്തഡോക്ടറെ സമീപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
Leave a Reply