അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ കൗൺസിൽ ടാക്സ് ഇനത്തിൽ 100 പൗണ്ടോളം കൂടുതൽ തുക ഈടാക്കാനുള്ള തീരുമാനം ചാൻസലർ ഋഷി സുനക് ബുധനാഴ്ച പാർലമെൻറിൽ പ്രഖ്യാപിച്ചു. കൗൺസിൽ ടാക്സ് ഇനത്തിൽ കൂടുതലായി പിരിഞ്ഞു കിട്ടുന്ന തുക സോഷ്യൽകെയറിനും പോലീസ് സേനയ്ക്കും വേണ്ടിയാകും വിനിയോഗിക്കുക. എന്നാൽ ദുർബലമായ നികുതി അടിത്തറയുള്ള പ്രദേശങ്ങളിൽ ഇങ്ങനെ സ്വരൂപിച്ച പണം മതിയാകില്ല എന്നാണ് വിമർശകരുടെ അഭിപ്രായം.
സാമൂഹിക പരിപാലനത്തിനായി രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്. ബാൻഡ് -ഡി വിഭാഗത്തിൽ പെട്ടവർ നൂറിലധികം പൗണ്ട് വർധനവാണ് കൗൺസിൽ ടാക്സ് ഇനത്തിൽ നേരിടാൻ പോകുന്നത്.
ലോക്ഡൗണും തൊഴിൽ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ നടപടികൾ വേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ ചാൻസലർ ഋഷി സുനക് നടത്തിയിരുന്നു.
രണ്ട് ദശലക്ഷം തൊഴിലാളികളുടെ നാഷണൽ ലീവിങ് വേജിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 5.6 ശതമാനം വർദ്ധനവ് നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അടുത്തവർഷം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന വർദ്ധനവാണ് മരവിച്ചിരിക്കുന്നത്. ഒരു മണിക്കൂറിലെ വേതനം 8.72 പൗണ്ടിൽ നിന്ന് 9.21 പൗണ്ടായി ഉയർത്താനുള്ള തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. ഇതിൻെറ ഫലമായി മലയാളികൾ ഉൾപ്പെടുന്ന കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർദ്ധനവും ലഭിക്കില്ല എന്നത് മലയാളംയുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply