ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്ന അഭിപ്രായത്തില്‍ നിന്ന് ബ്രിട്ടീഷ് ജനത പിന്നോട്ട്! ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ നൂറോളം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ആ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. ഒബ്‌സര്‍വര്‍ നടത്തിയ വിശകലനത്തിലാണ് നൂറോളം വെസ്റ്റ്മിന്‍സ്റ്റര്‍ മണ്ഡലങ്ങള്‍ ഈ അഭിപ്രായത്തിലേക്ക് എത്തിയെന്ന് വ്യക്തമായത്. ഈ വര്‍ഷം അവസാനം ബ്രെക്‌സിറ്റ് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ ഇത് വലിയ തോതില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാരാണ് ഇപ്പോള്‍ ബ്രിട്ടീഷ് വോട്ടര്‍മരില്‍ ഭൂരിപക്ഷമെന്നും സര്‍വേ പറയുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിച്ച ലേബര്‍ വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇവരാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ഹിതപരിശോധനയ്ക്ക് ശേഷം നടക്കുന്ന ആദ്യ സമഗ്ര സര്‍വേ വ്യക്തമാക്കുന്നു. ലേബര്‍ ശക്തികേന്ദ്രങ്ങളായ നോര്‍ത്ത് ഇംഗ്ലണ്ടിലും വെയില്‍സിലും ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള അഭിപ്രായം മാറുന്നുവെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റില്‍ കടുത്ത പ്രതിപക്ഷ നിലപാടെടുക്കാന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനു മേല്‍ സമ്മര്‍ദ്ദമുയരും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങിലെ 632 സീറ്റുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. ഇവയില്‍ 112 എണ്ണം ലീവ് പക്ഷത്തു നിന്ന് റിമെയിനിലേക്ക് തിരിഞ്ഞതായി കണ്ടെത്തി. ഇതനുസരിച്ച് നിലവില്‍ 341 മണ്ഡലങ്ങള്‍ റിമെയിന്‍ പക്ഷത്താണ്. ഹിതപരിശോധനയില്‍ 229 മണ്ഡലങ്ങള്‍ മാത്രമേ ബ്രെക്‌സിറ്റിന് എതിരായി അഭിപ്രായ വോട്ട് നല്‍കിയിരുന്നുള്ളു. സര്‍വേയില്‍ പോളിംഗിനൊപ്പം വിശദമായ സെന്‍സസ് വിവരങ്ങളും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡേറ്റയും ഉപയോഗിച്ചു.
Leave a Reply