25 വർഷത്തിനിടയിലെ ഏറ്റവും വലിയ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോർട്ട്. ചൊവ്വാഴ്ച കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വടക്കൻ സംസ്ഥാനങ്ങൾ ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്കക്കെടുതികൾ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ അമ്പതു വർഷത്തേക്കാൾ ഉയർന്ന ശരാശരി മഴയാണ് ജൂൺ മാസത്തിനും സെപ്തംബർ മാസത്തിനും ഇടയിൽ ലഭിച്ചത്. ഏതാണ്ട് 10% കൂടുതൽ മഴ ഇക്കാലയളവിൽ ലഭിച്ചു. ഒക്ടോബർ ആദ്യവാരത്തോടെയേ മഴ പൂർണമായും ഒഴിയൂ എന്നാണ് കരുതപ്പെടുന്നത്. സാധാരണ സംഭവിക്കാറുള്ളതിനെക്കാൾ ഒരുമാസം പിന്നിട്ടാണ് മഴ അവസാനിക്കുന്നത്.
മഴ നീണ്ടു നിന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയാണ് ഏറ്റവും മോശമായി ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയിൽ ഇതുവരെ 144 പേരാണ് ഉത്തർപ്രദേശിലും ബിഹാറിലും മരിച്ചത്. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ ഇനിയുമിറങ്ങാത്ത വെള്ളം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ ലഭ്യതയടക്കം പ്രശ്നമായിരിക്കുകയാണ്.
തിങ്കളാഴ്ച ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷാപ്രവർത്തകരെത്തി മാറ്റേണ്ടതായി വന്നിരുന്നു. രക്ഷാപ്രവർത്തനം പലയിടത്തും എത്തിയിട്ടില്ല. സാധാരണക്കാരായവർ ധാരാളമായി കുടുങ്ങിക്കിടപ്പുണ്ട്. പഴക്കമേറിയ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നത് അപകടങ്ങൾ വർധിപ്പിക്കുകയാണ്.സംസ്ഥാന സർക്കാരിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളോ പ്രവചന സംവിധാനമോ ഇല്ല.
Leave a Reply