ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് മഹാമാരി യുകെയിലെ തൊഴിൽ ഇടങ്ങളിൽ വൻ മാറ്റങ്ങൾക്കാണ് വഴിവെച്ചത്. ഒട്ടേറെ സ്ഥലങ്ങളിൽ വർക്ക് ഫ്രം ഹോം എന്നത് നടപ്പിലാക്കിയത് ലോക്ക് ഡൗൺ സമയത്താണ്. കോവിഡിനു ശേഷവും വർക്ക് ഫ്രം ഹോമിന്റെ ആലസ്യത്തിലാണ് പല ജീവനക്കാരും എന്നത് പല കമ്പനികളെയും മാറി ചിന്തിക്കുന്നതിനും പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പല ഐടി കമ്പനികളും ജീവനക്കാർക്ക് യഥേഷ്ടം വർക്ക് ഫ്രം ഹോം നൽകുന്നതിന് തടസം പറയുന്നില്ല . ഈ രീതിയിൽ ഓഫീസ് സംവിധാനങ്ങൾക്കുള്ള ചിലവ് കുറയ്ക്കാമെന്നത് കമ്പനികൾക്കും നേട്ടമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
യുകെയിൽ ഉണ്ടായ മറ്റൊരു കാതലായ മാറ്റം പല കമ്പനികളും ആഴ്ചയിലെ പ്രവർത്തി ദിനങ്ങൾ 4 ദിവസമാക്കി കുറച്ചു എന്നതാണ്. കോവിഡിന് ശേഷം യുകെയിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ആഴ്ചയിൽ നാലുദിവസം ജോലിചെയ്യുന്ന രീതിയിലേയ്ക്ക് മാറി കഴിഞ്ഞു. കോവഡിന് മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ നാല് പ്രവർത്തി ദിനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
നാല് ദിവസം പ്രവർത്തി ദിനമാണെന്നത് തൊഴിലാളികളെ കൂടുതൽ മികച്ചവരാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ കൂടുതൽ സമയം നൽകുന്നതിലൂടെ അവർ കൂടുതൽ ഊർജ്ജസ്വലരായി തങ്ങളുടെ ജോലികളിൽ വേഗത്തിലും കാര്യക്ഷമവും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പള നഷ്ടമില്ലാതെ കുറഞ്ഞ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നൽകണമെന്ന പ്രചാരണം നടത്തുന്ന 4 ഡേ വീക്ക് ഫൗണ്ടേഷൻ്റെ കണക്കുകൾ പ്രകാരം യുകെയിൽ മാത്രം 420 കമ്പനികളാണ് കോവിഡിനു ശേഷം പ്രവർത്തി സമയം 4 ദിവസമാക്കിയത്.
Leave a Reply