ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള അവസാന വട്ട പ്രചാരണങ്ങൾ കൊഴുപ്പിക്കുന്ന തിരക്കിലാണ് രാഷ്ട്രീയപാർട്ടികൾ. നിലവിലെ അഭിപ്രായ സർവേകൾ അനുസരിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ലേബറിൻ്റെയും കൺസർവേറ്റീവ് പാർട്ടിയുടെയും വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്തി റീഫോം യുകെയുടെ സ്ഥാനാർത്ഥികൾ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ വംശീയമായതുൾപ്പെടെയുള്ള അവരുടെ സ്ഥാനാർത്ഥികൾ നടത്തിയ മോശം പരാമർശനങ്ങൾ വാർത്തയായത് റീഫോം യു കെയ്ക്ക് തിരിച്ചടിയായതായാണ് കരുതപ്പെടുന്നത്.


ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിലവിലെ പല പദ്ധതികളുടെയും മരണമണി മുഴങ്ങുമോ എന്നത് ചർച്ചകൾക്ക് വിഷയമായിരിക്കുകയാണ്. അതിൽ പ്രധാന പെട്ടതാണ് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി തയ്യാറാക്കിയ റുവാണ്ട പദ്ധതി. നിലവിൽ റുവാണ്ട പദ്ധതിക്കായി 320 മില്യൺ പൗണ്ട് ആണ് സർക്കാർ വിനിയോഗിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പുനരധിവസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു മറ്റുമായാണ് തുക വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. കൺസർവേറ്റീവുകൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ജൂലൈ 24 ന് റുവാണ്ടയിലേക്ക് ആദ്യ വിമാനം പറന്നുയരുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചിരുന്നു.

എന്നാൽ ലേബർ പാർട്ടി തുടക്കം മുതൽ റുവാണ്ട പദ്ധതിക്ക് എതിരായിരുന്നു. എക്കാലത്തെയും ഏറ്റവും അസംബന്ധമായ ഹോം ഓഫീസ് നയമെന്നാണ് റുവാണ്ട പദ്ധതിയെ കുറിച്ച് തുടക്കം മുതൽ ലേബർ പാർട്ടി നടത്തിയ വിമർശനം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ റുവാണ്ട പദ്ധതിയുമായി മുന്നോട്ട് പോകാൻ ലേബർ പാർട്ടിക്ക് കഴിയില്ല. ലേബർ പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ ഋഷി സുനക് സർക്കാരിൻറെ ഭരണപരാജയങ്ങളുടെ പട്ടികയിലേയ്ക്ക് റുവാണ്ടയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കാനുള്ള പദ്ധതിയും ഉൾപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.