ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെന്റ് കൗണ്ടിയിൽ നിന്ന് 50-ൽപ്പരം അഭയാർത്ഥി കുട്ടികളെ കാണാതായതായി എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. ചെറിയ ബോട്ടുകളിലോ ലോറിയിലോ ഒളിച്ചെത്തിയ ഇവർ എത്തിയതിനു പിന്നാലെ തന്നെ കാണാതാവുകയായിരുന്നു. മിക്ക കുട്ടികളും മനുഷ്യക്കടത്തുകാരുടെ പിടിയിലായിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്.

2020 മുതൽ 2025 ഓഗസ്റ്റ് വരെ കൗൺസിലിന്റെ സ്വീകരണകേന്ദ്രങ്ങളിൽ നിന്ന് 213 കുട്ടികളാണ് കാണാതായത്. ഇവരിൽ 182 പേരെ കണ്ടെത്തിയെങ്കിലും 32 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആൽബേനിയൻ കുട്ടികളാണ് കാണാതാകുന്നവരിൽ ഏറ്റവും കൂടുതലായുള്ളത്. അഫ്ഗാൻ, ഇറാനിയൻ കുട്ടികളും സമാനമായ രീതിയിൽ കാണാതാകുന്നുണ്ട് . ഹോം ഓഫീസിന്റെ ഹോട്ടലുകളിൽ നിന്നും മാത്രമായി 132 കുട്ടികൾ കാണാതായിരുന്നു. അവരിൽ 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു കുട്ടിയെ പോലും കാണാതാകുന്നത് തന്നെ നമ്മുടെ പരാജയമാണ് എന്ന് ഇസ്ലിംഗ്ടൺ ലോ സെൻട്രിലെ അഭിഭാഷക എസ്മെ മാഡിൽ പറഞ്ഞു. കുട്ടികൾ ഭീകരമായ പീഡനങ്ങൾ നേരിടുന്നുണ്ടെന്നും ഭക്ഷണം നിഷേധിക്കപ്പെടുകയോ ലൈംഗിക പീഡനത്തിനിരയാകുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ‘എവരി ചൈൽഡ് പ്രൊട്ടക്റ്റഡ് അഗെയിൻസ്റ്റ് ട്രാഫിക്കിങ് യു.കെ.’യുടെ സിഇഒ പാട്രിഷ്യ ഡർ കുട്ടികളുടെ സുരക്ഷയെ മുൻഗണനയായി കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.











Leave a Reply