ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്ക് ഇംഗ്ലീഷ് ചാനൽ വഴി പ്രവേശിക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ട അൻപതിലധികം ആളുകളെ രക്ഷപ്പെടുത്തി. അപകടത്തിൽ നിരവധി പേർ മരിച്ചിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങൾ കടലിൽ പൊങ്ങി കിടക്കുന്നതായുള്ള ഫോട്ടോകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടക്കൻ ഫ്രാൻസിലെ ഔഡ്രെസെല്ലെസ് തീരത്ത് തിങ്കളാഴ്ച രാത്രി ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 51 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ്ഗാർഡ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ബൊലോൺ-സുർ-മെർ ക്വയ്‌സൈഡിലെ എമർജൻസി സർവീസുകൾ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതുവരെ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ കണ്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവർ കുടിയേറ്റക്കാരാണോ എന്ന് സ്ഥിരീകരിക്കാൻ ഫ്രഞ്ച് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

മനുഷ്യ കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കൂടുതൽ തുക നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു . നിലവിലുള്ളതിലും 75 മില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത് . ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ കുറെ കാലമായുള്ള അനധികൃത കുടിയേറ്റത്തിന്റെ കണക്കുകളിൽ കാര്യമായ കുറവ് വരാത്തതിനെ ചൊല്ലി ലേബർ പാർട്ടി സർക്കാർ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട് .