ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: രാജ്യത്ത് റെയിൽവേ തൊഴിലാളികൾ നടത്തുന്ന സമരം പുരോഗമിക്കുന്നു.
50,000 അധികം തൊഴിലാളികളാണ് നിലവിൽ പണിമുടക്കുന്നത്. ഇതുമൂലം പല സ്ഥലങ്ങളിലേക്കും പോകുവാൻ ആളുകൾ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ശമ്പളം, ജോലി വ്യവസ്ഥകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാല് യൂണിയനുകളിലെ അംഗങ്ങൾ പണിമുടക്ക് ആരംഭിച്ചത്. ഇതുമൂലം സാധാരണ ട്രെയിൻ സർവീസുകളുടെ 11% മാത്രമേ ഇന്നലെ ഓടിയുള്ളൂ. യുകെയിലെ വലിയ പ്രദേശങ്ങളിലേക്ക് ഇതിനാൽ സർവീസുകളൊന്നും ഉണ്ടായില്ല.
അതേസമയം, ഈ പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരുവിധ സമീപനവും ഉണ്ടാകുന്നില്ലെന്ന് യൂണിയനുകൾ പറയുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. റെയിൽ മേധാവികൾ ശമ്പള വിഷയത്തിൽ പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നത്. ആർ. എം. ടി , അസ്‌ലഫ് , യുണൈറ്റ്, ടി. എസ്. എസ്. എ എന്നീ നാല് യൂണിയനുകൾ ഒരേ ദിവസം പണിമുടക്കുന്നത് ഇതാദ്യമായാണ്. ഒന്നോ രണ്ടോ യൂണിയനുകൾ മാത്രം ഉൾപ്പെട്ട മുൻ പണിമുടക്ക് ദിവസങ്ങളെ അപേക്ഷിച്ച് 54,000-ത്തോളം അംഗങ്ങൾ ഒന്നിച്ചു പണിമുടക്കിയതാണ് സാഹചര്യം വഷളാകാൻ കാരണം. ഏകദേശം 10 സർവീസുകളിൽ ഒന്ന് മാത്രമേ ഓടുന്നുള്ളൂ. ട്രെയിനുകൾ പതിവിലും നേരത്തെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുകയാണ് ഇപ്പോൾ.
ലണ്ടനും എഡിൻബർഗ്, ബ്രൈറ്റൺ, ന്യൂകാസിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്കിടയിൽ ട്രെയിനുകളൊന്നും ഓടുന്നില്ല. നോർത്തേൺ, അവന്തി വെസ്റ്റ് കോസ്റ്റ്, സൗത്ത് ഈസ്റ്റേൺ എന്നിവയുൾപ്പെടെ ചില ട്രെയിനുകളിലും സമാന സാഹചര്യമാണ്. ഹീത്രൂ എക്‌സ്പ്രസും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലണ്ടൻ മാരത്തണിനായി തലസ്ഥാനത്തേക്ക് യാത്രകൾ ആസൂത്രണം ചെയ്തവർ നിലവിലെ സാഹചര്യം മനസിലാക്കണമെന്നും ശനിയാഴ്ചത്തെ തടസ്സത്തെത്തുടർന്ന് ഇന്നത്തെ മിക്ക സർവീസുകളും പതിവിലും വൈകിയേ ആരംഭിക്കൂ എന്നും അധികൃതർ അറിയിച്ചു. എന്നാൽ തെക്കുകിഴക്കൻ ട്രെയിനുകൾ കൃത്യസമയത്ത് എത്തുമെന്ന് അവർ പറഞ്ഞു.
Leave a Reply