ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സാമ്പത്തികമായി വളരെയധികം തകർന്നു നിൽക്കുന്ന ബിർമിങ്ഹാം കൗൺസിലിന് പിഴകളിലൂടെ ലഭിക്കാനുള്ളത് ദശലക്ഷക്കണക്കിന് പൗണ്ടാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ബിർമിംഗ്ഹാമിലെ ക്ലീൻ എയർ സോൺ ദുരുപയോഗം ചെയ്തതിന് ഡ്രൈവർമാർക്ക് നൽകിയ അര ദശലക്ഷത്തിലധികം പിഴകൾ ഇതുവരെയും ആരും അടച്ചിട്ടില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ക്ലീൻ എയർ സോണുകളിൽ അവ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ കടക്കുമ്പോൾ, കൃത്യമായ തുക നൽകണമെന്ന് നിയമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഈ തുക നൽകാതെ നിരവധി ഡ്രൈവർമാരാണ് ദിനവും ഇതിലെ കടന്നു പോകുന്നത്. ബിർമിങ്ഹാം സിറ്റി കൗൺസിൽ സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ, അടുത്ത രണ്ടു വർഷത്തിനുള്ളിൽ കൗൺസിൽ നികുതി 21 ശതമാനമായി വർദ്ധിപ്പിക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നികുതി വർദ്ധിപ്പിക്കുമ്പോൾ, കൗൺസിലിന് ഫൈനുകളിലൂടെ ലഭിക്കേണ്ട ദശലക്ഷക്കണക്കിന് പൗണ്ടാണ് നഷ്ടപ്പെടുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലണ്ടന് പുറത്ത് ഇത്തരത്തിൽ ക്ലീൻ എയർ സോണുകൾ നടപ്പിലാക്കിയ ആദ്യ ഇടവും ബിർമിങ്ഹാമിലാണ്.
ഇപ്പോഴും പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്നവ ഒഴികെ, 2022 ഫെബ്രുവരി മുതൽ മൊത്തം 536,552 പെനാൽറ്റി ചാർജ് നോട്ടീസുകൾ റദ്ദാക്കപ്പെടുകയോ എഴുതിത്തള്ളുകയോ കുടിശ്ശികയായി നിലനിൽക്കുകയോ ആണെന്ന് സിറ്റി കൗൺസിൽ സ്ഥിരീകരിച്ചു. 2021 ജൂണിൽ ഗതാഗത മലിനീകരണം നേരിടാൻ ക്ലീൻ എയർ സോണുകൾ നടപ്പിലാക്കിയതിനു ശേഷം ഏകദേശം 79 ദശലക്ഷം പൗണ്ട് സിറ്റി കൗൺസിലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഈ ഫൈനുകൾ അടക്കാത്തവരുടെ എണ്ണം വർദ്ധിക്കുകയാണ്. വായു മലിനീകരണം ഉണ്ടാക്കുന്ന നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ് കുറയ്ക്കുന്നതിനാണ് ക്ലീൻ എയർ സോൺ അവതരിപ്പിച്ചതെന്നും, അത് വിജയകരമാണെന്നും കൗൺസിൽ വക്താവ് വ്യക്തമാക്കി.
Leave a Reply