ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയം അനധികൃത കുടിയേറ്റം ആയിരുന്നു. കഴിഞ്ഞ 12 വർഷം യുകെയിൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടി അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടത് ഋഷി സുനക് സർക്കാരിൻറെ ജനപ്രീതി ഇടിയുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. അനധികൃതമായി യുകെയിൽ എത്തുന്നവരെ റുവാണ്ടയിലേയ്ക്ക് നാടുകടത്താനുള്ള പദ്ധതിയും വൻ വിമർശനങ്ങൾ ആണ് വിളിച്ചു വരുത്തിയത്. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നതായിരുന്നു കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി പ്രധാനമായും മുന്നോട്ടു വെച്ച വാഗ്ദാനം.


പുതിയ ഗവൺമെൻറ് അധികാരമേറ്റതിനു ശേഷമുള്ള അനധികൃത കുടിയേറ്റ കണക്കുകളും ഒട്ടും ആശാവാഹമല്ല. ശനിയാഴ്ച മാത്രം യുകെയിലേക്ക് അനധികൃതമായി 707 പേർ ഇംഗ്ലീഷ് ചാനൽ കടന്നെത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ വർഷം ഒരു ദിവസം ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവരുടെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കണക്കാണിത്. 2024 ൽ ഇതുവരെ 24,335 പേർ യുകെയിൽ അനധികൃതമായി എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂൺ 18 – ന് 882 പേരാണ് ഒരു ദിവസം യുകെയിൽ എത്തിയത്. പ്രതിദിന കണക്കുകളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ജൂൺ 18 – ന് ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് ശേഷം 10,000-ത്തിലധികം ആളുകൾ ആണ് ചാനലിലൂടെ യുകെയിൽ എത്തിയത്. എന്നാൽ മുൻ പോലീസ് മേധാവി മാർട്ടിൻ ഹെവിറ്റിനെ പുതിയ അതിർത്തി സുരക്ഷാ കമാൻഡറായി നിയമിച്ചതിന് ശേഷം, ക്രോസിംഗുകൾ തടയാനുള്ള ശ്രമത്തിൽ പുരോഗതിയുണ്ടെന്ന് സർക്കാർ അറിയിച്ചു. ചെറിയ ബോട്ട് ഉപയോഗിച്ചുള്ള ക്രോസിംഗുകൾ തടയാൻ യൂറോപ്യൻ പോലീസ് സേനയുമായി സർക്കാർ പ്രവർത്തിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.