ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെങ്ങും ഉള്ള പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷത്തിലധികം വർദ്ധിച്ചതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. 1990 നും 2022 നും ഇടയിലുള്ള കാലഘട്ടത്തിൽ മുതിർന്നവരിലെ പ്രമേഹ ബാധിതരുടെ എണ്ണം 14 ശതമാനമായി ഉയർന്നതായാണ് കണ്ടെത്തിയത്. നേരെത്തെ പ്രമേഹബാധിതരുടെ എണ്ണം 7% മാത്രമായിരുന്നു.

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പ്രമേഹ രോഗികളെ കുറിച്ച് നടത്തിയ ആദ്യത്തെ വിശകലനത്തിലാണ് ഈ സുപ്രധാന കണ്ടെത്തലുകൾ ഉള്ളത് . ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് എൻസിഡി-റിസ്‌സിയിലെ ശാസ്ത്രജ്ഞർ വിവിധ രാജ്യങ്ങളിലെ 1 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 140 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത് . വിവിധ രാജ്യങ്ങളിലെ വർദ്ധിച്ചു വരുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുടെ അസമത്വങ്ങളെയും തുറന്നു കാട്ടാൻ പഠനം ഉപകരിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 – ലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ പ്രമേഹ രോഗബാധിതർ ഇന്ത്യയിലാണ്. ഏകദേശം 212 ദശലക്ഷം പേരാണ് ഇന്ത്യയിൽ പ്രമേഹം ബാധിച്ചവരായിട്ടുള്ളത്.148 ദശലക്ഷം പ്രമേഹ രോഗികൾ ചൈനയിലും 42 ദശലക്ഷം യുഎസിലും 36 ദശലക്ഷം പാക്കിസ്ഥാനിലും ഉള്ളതായാണ് കണക്കുകൾ കാണിക്കുന്നത് . ഇന്തോനേഷ്യയിലും ബ്രസീലിലും യഥാക്രമം 25 ദശലക്ഷവും 22 ദശലക്ഷവും കേസുകളുണ്ട്.

പസഫിക് ദ്വീപുകൾ, കരീബിയൻ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനസംഖ്യയിൽ 25% ത്തിലധികം പേർക്ക് പ്രമേഹമുണ്ടെന്ന് പഠനം കണ്ടെത്തി. അതേസമയം യുഎസിലും (12.5%), യുകെയിലും (8.8%) ആണ് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ പ്രമേഹ നിരക്ക് ഏറ്റവും കൂടുതലുള്ളത്. അമിതവണ്ണം ഉള്ളവരുടെ വർദ്ധനവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമാണ് പ്രമേഹ രോഗത്തിൻ്റെ വർദ്ധനവിന് പ്രധാന കാരണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഇന്ത്യയിലെ മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ്റെ പ്രസിഡന്റും ഗവേഷണത്തിന് നേതൃത്വം നൽകുകയും ചെയ്ത ഡോ.രഞ്ജിത് മോഹൻ പറഞ്ഞു. പ്രമേഹ ബാധിതർക്ക് ഇടയിലെ ആഗോള അസമത്വങ്ങളും പഠനം തുറന്നു കാട്ടുന്നതായി ഗവേഷണത്തിന് പങ്കാളിയായ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പ്രൊഫസർ മജിദ് എസാറ്റി പറഞ്ഞു. താഴ്ന്ന ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും ഫലപ്രദമായ ചികിത്സ പ്രമേഹ രോഗത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി പ്രമേഹ രോഗത്തിൻറെ വർദ്ധനവിനുള്ള കാരണങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ പഠനം സഹായിച്ചതായി കണ്ടെത്തലുകളോട് പ്രതികരിച്ചുകൊണ്ട് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.