ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് 90 -ലധികം പ്രൈമറി സ്കൂളുകൾ അടച്ചു പൂട്ടലിന്റെ വക്കലിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 88 ഓളം സ്കൂളുകളിൽ 66 ശതമാനത്തോളം ശൂന്യമായ ക്ലാസ് മുറികളാണ്. ഡിപ്പാർട്ട്മെൻറ് ഓഫ് എജ്യുക്കേഷന്റെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇത് കൂടാതെ നാല് സ്കൂളുകൾ ഇതിനകം അടച്ചുപൂട്ടലിന് തയ്യാറായിക്കഴിഞ്ഞു.
ജനന നിരക്ക് കുറയുന്നതാണ് സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . എന്നാൽ വർദ്ധിച്ച വാടകയും മറ്റ് ജീവിത ചിലവ് വർദ്ധനവും മൂലം ഒട്ടേറെ യുവ കുടുംബങ്ങൾ നഗരപ്രദേശങ്ങൾ വിട്ടുപോകുന്നത് ആ സ്ഥലങ്ങളിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് ഒരു പ്രധാന കാരണമാകുന്നതായി വിലയിരുത്തലുണ്ട്. കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം നേരത്തെ 156 സ്കൂളുകൾ അടച്ചുപൂട്ടിയിരുന്നു. ലണ്ടനിലെ 50 ശതമാനം സ്കൂളുകളിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ 33 ശതമാനം സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്.
എന്നാൽ നോർത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ് എന്നിവിടങ്ങളിലെ 66 ശതമാനം സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം കാര്യമായി വർദ്ധിച്ചിട്ടുണ്ട്. പക്ഷേ സ്കൂളുകളുടെ അടച്ചു പൂട്ടൽ ഭീഷണി സമീപഭാവിയിലും തുടരുമെന്നാണ് വിദഗ്ധാഭിപ്രായം. 2032 – ഓടെ ഇംഗ്ലണ്ടിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 900,000 ആയി കുറയുമെന്ന് എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ അനാലിസിസ് മേധാവി ജോൺ ആൻഡ്രൂസ് പറഞ്ഞു. യുകെയിലേയ്ക്ക് പുതിയതായി കുടിയേറിയ പല കുടുംബങ്ങളും തങ്ങളുടെ കുട്ടികളെ സ്കൂളിൽ ചേർക്കാനായിട്ട് വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യവും നിലവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply